മീഡിയവണ്‍ അക്കാദമി കെ.പി ശശി മെമ്മോറിയല്‍ ഫെല്ലോഷിപ്പ് ഡോക്യുമെന്ററികളുടെ ആദ്യ പ്രദര്‍ശനം നടന്നു
മീഡിയവണ്‍ അക്കാദമിയിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ തയാറാക്കിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനമാണ് നടന്നത്.
ബംഗളൂരു: അന്തരിച്ച പ്രമുഖ ഡോക്യുമെന്റി സംവിധായകനും ആക്ടിവിസ്റ്റുമായിരുന്ന കെ.പി ശശിയുടെ സ്മരണാര്‍ഥം മീഡിയവണ്‍ അക്കാദമി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പ് പ്രൊജക്റ്റുകളുടെ പ്രദര്‍ശനം ബംഗളൂരുവില്‍ നടന്നു. മീഡിയവണ്‍ അക്കാദമിയിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ തയാറാക്കിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനമാണ് നടന്നത്. കെ.പി ശശിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബംഗളൂരു ആശിര്‍വാദ് ലയോള ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പെഡസ്ട്രിയന്‍ പിക്ചേഴ്സ് ഡയറക്ടര്‍ കെ.പി ദീപു അധ്യക്ഷനായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളായ ഉദായശ്വിനി, പ്രസീത എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ 'നാവു ഇന്ത ഊരിലേ ഇരിക്കിറോം, മീഡിയവണ്‍ അക്കാദമി വിദ്യാര്‍ഥികളായ അര്‍ജുന്‍ പി.ജെ തയ്യാറാക്കിയ 'റമിനന്‍സ് ഓഫ് ലോഫര്‍', ഫാത്തിമത്തു ഷാന, ഹിബ എന്നിവരുടെ 'അര്‍ബന്‍ ലൈഫ് ഓഫ് സ്‌കാവഞ്ചേഴ്സ്' ബഷരിയ തസ്നിം തയ്യാറാക്കിയ 'ക്രോസ്സ്ഡ് ക്രോണിക്കിള്‍; ജേണി റ്റു കോഴിക്കോട്', ഫാത്തിമ എസ് തയ്യാറാക്കിയ 'വിസ്പറിങ് സീ' എന്നീ ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിച്ചത്. വിനോദ് രാജ, ശിവ സുന്ദര്‍, ജോര്‍ജ് കുട്ടി, ഡോ. സിന്ദ്യ സ്റ്റീഫന്‍, ഗീത നായര്‍, മധു ജനാര്‍ധനന്‍, ഡോ. പി.കെ സാദിഖ് തുടങ്ങി ചലച്ചിത്ര - മാധ്യമ രംഗത്തെ പ്രമുഖര്‍ പ്രദര്‍ശനത്തില്‍ സംബന്ധിച്ചു.