സെക്രട്ടറിയേറ്റ് അസോസിയേഷൻ ഭാരവാഹി പ്രഖ്യാപനം കെപിസിസിയുടെ അറിവോടെയല്ല: ടി.യു രാധാകൃഷ്ണൻ
'ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്‌നപരിഹാരത്തിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടന്നുവരുകയാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമായോ പ്രതികൂലമായോ കെപിസിസി നേതൃത്വം നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല'
തിരുവനന്തപുരം: കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാരവാഹികളെ പ്രഖ്യാപിച്ചത് കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്‌നപരിഹാരത്തിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടന്നുവരികയാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമായോ പ്രതികൂലമായോ കെപിസിസി നേതൃത്വം നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാൽ അതിന് കടകവിരുദ്ധമായ വാർത്തകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ ഏകപക്ഷീയ നിലപാടുമായി മുന്നോട്ട് പോകുന്നത് സംഘടനാ വിരുദ്ധ പ്രവർത്തനമായി കാണേണ്ടിവരുമെന്നും അത്തരം പ്രവർത്തനങ്ങളിൽ നിന്നും സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാക്കൾ വിട്ടുനിൽക്കണമെന്നും ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.