"ആസാദ് അനുസ്‌മരണത്തിന് വിലക്കില്ല": നിലപാട് മാറ്റി കെ.പി.സി.സി
സംഘടനാ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് വിശദീകരണം
തിരുവനന്തപുരം: മൗലാന അബുൽ കലാം ആസാദ് അനുസ്മരണം വിലക്കിയിട്ടില്ലെന്ന് കെ.പി.സി.സി. പരിപാടി മാറ്റിവെക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ പറഞ്ഞു. സംഘടനാ പ്രശ്നം പരിഹരിക്കാനാണ് നിർദ്ദേശിച്ചതെന്നും അനുസ്മരണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് കെ.പി.സി.സി വിശദീകരണവുമായി രംഗത്തെത്തിയത്.
കെ.പി.സി.സിയിൽ മൗലാന അബുൽ കലാം ആസാദ് അനുസ്മരണം മാറ്റിവെക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ നിർദ്ദേശിച്ചതായായിരുന്നു റിപ്പോർട്ട്. എ.കെ ആന്റണി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിയാണ് കെ സുധാകരൻ മാറ്റി വെക്കാൻ നിർദേശിച്ചത്.
കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി മൈനോറിറ്റി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലുമണിക്ക് കെ.പി.സി.സി ആസ്ഥാനത്ത് മതസൗഹാർദ സദസ് സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഉദ്‌ഘാടന ചടങ്ങിനായി എകെ ആന്റണി എത്തുമെന്നും അറിയിച്ചിരുന്നു. സ്വാമി ഗുരുരത്‌നം ജ്ഞാന തപസി, ഡോ.വി.പി സുഹൈബ് മൗലവി തുടങ്ങിയ സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരെ വിശിഷ്ട അതിഥികളായി കെ.പി.സി.സി മൈനോറിറ്റി വിഭാഗം ക്ഷണിച്ചിരുന്നു.
എന്നാൽ, ഇന്നലെ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ഈ പരിപാടി മാറ്റിവെക്കാനുള്ള നിർദ്ദേശം സംഘാടകർക്ക് നൽകുകയായിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് പരിപാടി റദ്ദാക്കിയത്. അതേസമയം, മൈനോറിറ്റി വിഭാഗത്തിനുള്ളിൽ നിരവധി സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത് പരിഹരിച്ച ശേഷം മാത്രമേ പരിപാടി നടത്തിയാൽ മതിയെന്നുമാണ് കെ.പി.സി.സി നേതൃത്വത്തിന്റെ വിശദീകരണം. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു. വിഷയം വാർത്തയായതോടെ പരിപാടി റദ്ദാക്കിയിട്ടില്ലെന്നും സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും കെ.പി.സി.സി വ്യക്തമാക്കുകയായിരുന്നു.