ജോസ് വള്ളൂരിനോട് രാജി ചോദിച്ചുവാങ്ങാൻ കെപിസിസി; തൃശൂർ ഡിസിസിയിൽ അഴിച്ചുപണി

വി കെ ശ്രീകണ്ഠന് തൃശൂർ ഡി.സി.സി പ്രസിഡന്റെ ചുമതല നൽകും

Update: 2024-06-09 03:31 GMT
Editor : banuisahak | By : Web Desk
Advertising

തൃശൂർ: തൃശൂരിലെ തോൽവിയിലും ഡിസിസി ഓഫീസിലെ സംഘർഷത്തിലും കെപിസിസി നടപടിക്ക്. ജോസ് വള്ളൂരിനോട് രാജികത്ത് സമർപ്പിക്കാൻ കെ.പി.സി.സി നിർദേശം നൽകി. വി കെ ശ്രീകണ്ഠന് ഡി.സി.സി പ്രസിഡന്റെ ചുമതല നൽകും. 

ചർച്ചക്കായി ഇന്നലെ ഡൽഹിയിലെത്തിയ ജോസ് വള്ളൂർ , വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടി എടുക്കരുതെന്നും ജോസ് വള്ളൂർ ആവശ്യപ്പെട്ടു. 

ഡിസിസി ഓഫീസിലെ സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്കും എതിരെ ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഔദ്യോഗിക വാഹനത്തിന്റെ ചാവി ഡിസിസി ഓഫീസിൽ ഏൽപ്പിച്ച ശേഷമാണ് ജോസ് വള്ളൂർ ഡൽഹിയിലേക്ക് പോയത്. 

സംഘർഷത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുമായാണ് ഡിസിസി പ്രസിഡൻറ് ഡൽഹിയിൽ എത്തിയത്. ജോസ് വള്ളൂർ സ്വമേധയാ രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചിരുന്നു. 

അതേസമയം സംഘർഷം സജീവൻ കുരിയച്ചിറ ഉണ്ടാക്കിയതാണെന്ന് ആരോപിച്ച് ഡിസിസി വാർത്താക്കുറിപ്പ് ഇറക്കി. ജനറൽ സെക്രട്ടറി പി ഗോപാലകൃഷ്ണൻ ആണ് വാർത്താ കുറിപ്പ് ഇറക്കിയത്.മദ്യപിച്ച് സജീവനും അനുയായികളും അഴിഞ്ഞാടി എന്നാണ് വാർത്ത കുറിപ്പിൽ പറയുന്നത്..

എന്നാൽ, ആരോപണങ്ങളെ നിഷേധിച്ച് സജീവനും രംഗത്തുവന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വേണമെങ്കിൽ ആശുപത്രി രേഖകൾ പരിശോധിക്കണമെന്നും സജീവൻ പറഞ്ഞു.

തനിക്കെതിരെ വാർത്താ കുറിപ്പ് ഇറക്കിയ ഗോപാലകൃഷ്ണൻ പോക്സോ കേസ് പ്രതിയാണെന്ന ഗുരുതര ആരോപണവും സജീവൻ ഉന്നയിച്ചു. നിലവിൽ രണ്ടു കേസുകളാണ് ഡി.സി.സി യിലെ സംഘർഷത്തിൽ പൊലീസ് എടുത്തിട്ടുള്ളത്.

സജീവന്റെ പരാതിയിൽ ജോസ് വള്ളൂരിനും 20 പേർക്ക് എതിരെയും, കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമലിന്റെ പരാതിയിൽ സജീവൻ കുര്യത്തറയ്ക്കും ഏഴു പേർക്കും എതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഡി.സി.സി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചായിരിക്കും ഈസ്റ്റ് പൊലീസ് തുടർനടപടികളിലേക്ക് കടക്കുക.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News