'നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട, സഹായിക്കണം'; കൈകൂപ്പി സുധാകരൻ
പാർട്ടിയിലെ അരിക്കൊമ്പന്മാരെ പിടിച്ചുകെട്ടണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു
തിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ വൈകാരിക പ്രസംഗവുമായി കെ സുധാകരൻ. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട, കൈകൂപ്പി സഹായിക്കണമെന്നും എക്സിക്യൂട്ടീവ് യോഗത്തിൽ സുധാകരൻ അഭ്യർത്ഥിച്ചു.
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ പുനഃസംഘടനാ നടപടികൾ വൈകുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിൽ ഗ്രൂപ്പ് നേതാക്കൾക്കും പങ്കുണ്ടെന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് മറുപടി പറയുന്നതിനിടെയാണ് കെപിസിസി അധ്യക്ഷൻ വികാരഭരിതനായത്. യോഗം തുടങ്ങിയപ്പോൾ തന്നെ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന നടത്തുന്നവർക്കെതിരെയും വിമർശനമുണ്ടായി. ഇത് സംബന്ധിച്ചായിരുന്നു സുധാകരന്റെ പ്രതികരണം.
ഇതിനിടെ, പാർട്ടിയിലെ അരിക്കൊമ്പന്മാരെ പിടിച്ചുകെട്ടണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. പാർട്ടിയിൽ എന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അരിക്കൊമ്പൻമാരുണ്ട്. അവരെ പിടിച്ചുകെട്ടാൻ നേതൃത്വത്തിന് കഴിയണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കെ മുരളീധരനെതിരെ എംഎം നസീറും രംഗത്തെത്തിയിരുന്നു. ഒരു ദിവസമെങ്കിലും കെപിസിസി ഓഫീസിലേക്ക് കല്ലെറിഞ്ഞില്ലെങ്കിൽ ചില നേതാക്കൾക്ക് ഉറക്കം വരില്ലെന്നായിരുന്നു നസീറിന്റെ പരാമർശം.
പാർട്ടി എല്ലാ സൗകര്യങ്ങളും നൽകിയവർ തന്നെയാണ് നേതൃത്വത്തിനെതിരെ പരാതി നൽകുന്നതെന്നും നസീർ കുറ്റപ്പെടുത്തി. നേരത്തെ ശശി തരൂരിനെതിരെ ജോൺ എബ്രഹാമും പിജെ കുര്യനും രംഗത്തെത്തിയിരുന്നു. തരൂർ പാർട്ടിയുടെ നയപരമായ കാര്യങ്ങൾ ലംഘിക്കുകയാണെന്നും പാർട്ടി അച്ചടക്കം എന്തെന്ന് പോലും തരൂരിന് അറിയില്ല എന്നതടക്കമുള്ള വിമർശനങ്ങൾ യോഗത്തിലുണ്ടായി. ഇതിനിടെയാണ് നേതാക്കളോട് സുധാകരന്റെ അഭ്യർത്ഥന.