ദുരിതാശ്വാസനിധി കേസ്: 'ലോകായുക്തയുടേത് ഉണ്ട വിരുന്നിനുള്ള നന്ദി'- കെ. സുധാകരൻ
കടിക്കുകയും കുരയ്ക്കുകയും ചെയ്യുന്ന സംവിധാനമാക്കി ലോകായുക്തയെ പിണറായി വിജയൻ മാറ്റിയെന്നും കെ സുധാകരൻ പറഞ്ഞു
തിരുവനന്തപുരം: ദുരിതാശ്വസനിധി കേസിലെ പുനഃപരിശോധന ഹരജി തള്ളിയ ലോകയുക്തക്കെതിരെ കെ.പിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഉണ്ട വിരുന്നിനുള്ള നന്ദിയാണ് ലോകയുക്ത കാണിച്ചതെന്ന് കെ. സുധാകരൻ വിമർശിച്ചു.
കേസിന്റെ തുടക്കം മുതൽ ലോകായുക്ത മുഖ്യമന്ത്രിയെ രക്ഷിക്കാൻ അട്ടിമറി നടത്തി. ലോകായുക്തയുടെ ഉദയക്രിയയാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന് അവകാശപ്പെടുന്ന പിണറായി വിജയൻ ചെയ്തത്. ഇകെ നായനാർ മുഖ്യമന്ത്രി ആയിരിക്കുകയാണ് രാജ്യത്തിന് മാതൃകയായി ലോകായുക്ത തുടങ്ങിയത്. കടിക്കുകയും കുരയ്ക്കുകയും ചെയ്യുന്ന സംവിധാനമാക്കി ലാകായുക്തയെ പിണറായി വിജയൻ മാറ്റിയെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം, നിയമപരമായി നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ റിവ്യൂ ഹരജി ലോകായുക്ത തള്ളിയത്. ഹരജിക്കാരനായ ആർഎസ് ശശികുമാർ സമർപ്പിച്ച റിവ്യൂ പെറ്റീഷൻ ആണ് ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്. ആരെയെങ്കിലും പേടിച്ച് ഉത്തരവ് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്ന ആളുകളല്ല തങ്ങൾ എന്നായിരുന്നു ഹരജി തള്ളിക്കൊണ്ട് ലോകായുക്തയുടെ പ്രസ്താവന. ഹരജിക്കാരൻ വിമർശിച്ചെന്ന് കരുതി അത് കേസിനെ ബാധിക്കില്ലെന്നും മൈക്ക് കെട്ടി പ്രസംഗിക്കാൻ ജഡ്ജിമാർക്ക് കഴിയില്ലെന്നും ലോകായുക്ത കൂട്ടിച്ചേർത്തു.
ശശികുമാറിന്റെ അഭിഭാഷകനായ ജോർജ് പൂന്തോട്ടം തന്നെ ഹാജരാകണമെന്ന് ഉപലോകായുക്ത ആവശ്യപ്പെട്ടിരുന്നെങ്കിലും ഫുൾബെഞ്ചിന്റെ വാദത്തിന് താൻ വരില്ല എന്നായിരുന്നു പൂന്തോട്ടത്തിന്റെ മറുപടി. കേസ് മൂന്നംഗ ബെഞ്ചിന് വിടാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് നൽകിയിരിക്കുന്ന റിവ്യൂ പെറ്റീഷൻ നിലനിൽക്കില്ലെന്നും തങ്ങളെടുത്ത തീരുമാനം നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നുമാണ് ലോകായുക്ത ഹരജിക്കാരെ അറിയിച്ചത്. പിന്നാലെ ഹരജി തള്ളിക്കൊണ്ട് ഉത്തരവെത്തുകയായിരുന്നു.ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിനെതിരെ ലോകായുക്തയും ഉപലോകായുക്തയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയാണ് പരാതിക്കാരനെന്നായിരുന്നു ലോകായുക്തയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ഫുള്‍ബഞ്ചിന് വിട്ട ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിനെതിരെ ലോകായുക്തയും ഉപലോകായുക്തയും ആഞ്ഞടിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാനുള്ളത് കൊണ്ട് കേസ് മാറ്റണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷന്‍ ആവശ്യപ്പെട്ടു.