കെ.പി.സി.സി പുനസംഘടന: മാനദണ്ഡങ്ങൾക്കെതിരെ സോണിയക്ക് പരാതി നൽകി
നടപടികൾക്ക് ഇടയുള്ളതിനാൽ രഹസ്യമായിട്ടാണ് കത്തയച്ചിട്ടുള്ളത്
കെ.പി.സി.സി പുനസംഘടനാ മാനദണ്ഡങ്ങൾക്കെതിരെ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സോണിയ ഗാന്ധിയ്ക്ക് സംസ്ഥാനത്തെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പരാതി നൽകി. അഞ്ച് വർഷം ഒരേ പദവിയിൽ പ്രവർത്തിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും പരിചയ സമ്പന്നരായവരെ അവഗണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇവർ കത്തിൽ പറഞ്ഞു. വനിതകൾക്ക് കൂടുതൽ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു.
ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തിൽ തുടങ്ങിയ പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ല. ഇതിന്റെ തുടർച്ചയെന്നോണം കെ.പി.സി.സി പുനസംഘടനയിലും അതൃപ്തിയുള്ളവർ ഏറെയുണ്ട്. നിരവധി നേതാക്കൾ പുറത്തുപോകാൻ പുതിയ മാനദണ്ഡങ്ങൾ കാരണമാകും. ഇതാണ് ഒരു വിഭാഗം നേതാക്കൾ പരാതി നൽകാൻ ഇടയാക്കിയത്.
നടപടികൾക്ക് ഇടയുള്ളതിനാൽ രഹസ്യമായിട്ടാണ് കത്തയച്ചിട്ടുള്ളത്. പരസ്യ പ്രതികരണങ്ങൾ ആരും മുതിർന്നിട്ടില്ല.