ഗൗരിയമ്മ ഇനി ദീപ്ത സ്മരണ

പൂർണ ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി സ്മാരകത്തിൽ മൃതദേഹം സംസ്‌കരിച്ചു.

Update: 2021-05-11 13:21 GMT
Editor : Shaheer | By : Web Desk
Advertising

കേരളത്തിന്‍റെ വിപ്ലവവനിത കെ ആർ ഗൗരിയമ്മക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി സ്മാരകത്തിൽ മൃതദേഹം സംസ്‌കരിച്ചു. കോവിഡ് പ്രോട്ടോക്കോൾ മൂലം ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് ഗൗരിയമ്മക്ക് യാത്രാമൊഴി ചൊല്ലാനെത്തിയത്. തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിലും ആലപ്പുഴയിൽ എസ്ഡിവി സ്‌കൂളിലും ഗൗരിയമ്മയുടെ പ്രിയപ്പെട്ട ചാത്തനാട്ടെ വീട്ടിലുമായിരുന്നു പൊതുദർശനം. പ്രമുഖർ കെ.ആർ ഗൗരിയമ്മക്ക് അന്തിമോപചാരം അർപ്പിച്ചു. പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട് സ്മാരകത്തിലായിരുന്നു ഗൗരിയമ്മക്കും ചിതയൊരുക്കിയത്. സഹോദരീപുത്രിയുടെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ഭർത്താവ് ടി.വി. തോമസിന്‍റെ ശവകുടീരത്തിനരികെ ഇനി പ്രിയപ്പെട്ടവരുടെ കുഞ്ഞമ്മക്ക് അന്ത്യവിശ്രമം.

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രം ഇനി ജ്വലിക്കുന്ന ഓർമ. അടിസ്ഥാന ജനവിഭാഗത്തിൽനിന്ന് ഉയർന്നുവന്ന് കേരള രാഷ്ട്രീയത്തിൽ കരുത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്റെയും ഒറ്റമരമായി നിന്ന ജെഎസ്എസ് നേതാവും മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. രോഗബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു.

രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നേരത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പനി ബാധിച്ച് കഴിഞ്ഞ മാസം 22 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ അണുബാധയെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു

വിപ്ലവവനിതയ്ക്ക് തലസ്ഥാനനഗരി വിടചൊല്ലി. 10.45ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ജീവിതത്തിന്‍റെ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിനു പേരാണ് ഇവിടെ അന്ത്യാഭിവാദ്യമര്‍പ്പിച്ചത്.  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രണ്ടു മണിക്കൂറായിരിന്നു പൊതുദര്‍ശനം. 

1919 ജൂലൈ 14ന് ചേർത്തല അന്ധകാരനഴിയിൽ കെഎ രാമൻ, പാർവ്വതിയമ്മ ദമ്പതികളുടെ മകളായാണ് ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിഎ ബിരുദവും എറണാകുളം ലോ കോളേജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി.

1953ലും 1954ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. ഐക്യകേരളത്തിന്റെ പിറവിക്കുശേഷം അധികാരത്തിൽവന്ന 1957ലെ പ്രഥമ കേരളനിയമസഭയിൽ അംഗമായി. 1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടിവി തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേരുകയായിരുന്നു.

കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എകെ ആന്റണിയും ഉമ്മൻചാണ്ടിയും നയിച്ച ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭകളിലും റവന്യൂ, വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News