ജീവിതം തന്നെ പോരാട്ടം; കേരളത്തിന്‍റെ സ്വന്തം വിപ്ലവനായിക

ജീവിതയാത്രയിലുടനീളം ഒരു പോരാളിയായിരുന്നു ഗൗരിയമ്മ. പാർട്ടിക്ക് വേണ്ടിയും പാർട്ടിക്കുള്ളിലും അവർ ഒരു പോലെ പൊരുതി

Update: 2021-05-11 03:19 GMT
Editor : Shaheer | By : Web Desk
Advertising

ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ചേർത്തു പറയേണ്ട പേരാണ് കെആർ ഗൗരിയമ്മയുടേത്. സംസ്ഥാനം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാൾ. കേരളീയ സമൂഹ്യജീവിതത്തിന്റെ ഗതി മാറ്റിയ നിരവധി ഭരണപരിഷ്‌കാരങ്ങളുടെ ശിൽപി. എല്ലാറ്റിലുമുപരി ജീവിതം തന്നെ സമരമാക്കി മാറ്റിയ പോരാളി. അങ്ങനെ വിശേഷണങ്ങൾ അനവധിയുണ്ട് കളത്തിപ്പറമ്പിൽ രാമൻ ഗൗരിയെന്ന കെആർ ഗൗരിയമ്മക്ക്.

ജനനം കർഷക പോരാട്ടങ്ങളുടെ ഭൂമിയിൽ

കർഷക പോരാട്ടങ്ങളുടെ സമരഭൂമിയായ ആലപ്പുഴയിൽ 1919 ജൂലൈയിൽ ആയിരുന്നു ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പിൽ രാമന്റെയും പാർവതിയുടെയും രണ്ടാമത്തെ മകൾ.

അച്ഛൻ ആരംഭിച്ച ഏകാംഗ വിദ്യാലയത്തിലും തുറവൂർ തിരുമല ദേവസ്വം സ്‌കൂളിലും ചേർത്തലുമായി സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരാസേസിലും ഉപരിപഠനം. തിരുവനന്തപുരം ലോ കോളജിൽ നിന്ന് നിയമ ബിരുദം.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തിയത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം ദുഷ്‌കരമായ കാലം. നിരന്തരമായ പൊലീസ് വേട്ടയും ഭൂപ്രമാണിമാരുടെ കൊടിയ മർദനവും. ലാത്തിക്ക് പ്രസവിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ തനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്ന ഗൗരിയമ്മയുടെ ആ ഒരൊറ്റ വാചകം മതി അവർ നേരിട്ട കൊടിയ പീഡനങ്ങളുടെ ക്രൂരതയളക്കാൻ.



രാഷ്ട്രീയത്തിന്‍റെ തീച്ചൂളയില്‍

1953ലെ തിരുവിതാംകൂർ നിയമസഭാംഗത്വമാണ് പാർലമെന്ററി രാഷ്ട്രീയത്തിന്റെ തുടക്കം. തൊട്ടടുത്ത വർഷം തിരു-കൊച്ചി നിയമസഭയിലെത്തി. 1956ൽ ഐക്യകേരളത്തിന്റെ ആദ്യമന്ത്രിസഭയിൽ അംഗമായി. 1957ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ വകുപ്പുമന്ത്രിയുമായി. ഇക്കാലത്താണ് കേരളത്തിന്റെ ജാതകം തിരുത്തിയ കേരള കാർഷിക പരിഷ്‌കരണ നിയമവും ഭൂമി പതിച്ചുകൊടുക്കൽ നിയമവും നിയമസഭയിൽ അവതരിപ്പിച്ചതും പാസ്സാക്കിയതും.

ആരെയും അത്ഭുതപ്പെടുത്തുന്ന രാഷ്ട്രീയ നേട്ടങ്ങളുടെ ഉടമ കൂടിയാണ് ഗൗരിയമ്മ. അഞ്ചാം നിയമസഭയൊഴികെ ആദ്യ നിയമസഭ മുതൽ പതിനൊന്നാം നിയമസഭ വരെ എല്ലാ സഭകളിലും ഗൗരിയമ്മയുണ്ടായിരുന്നു. 2006ൽ അരൂരിൽ എഎം ആരിഫിനോട് പരാജയപ്പെട്ടു. 12 തവണ നിയമസഭയിലേക്ക് മത്സരിച്ചതിൽ രണ്ടാമത്തെ തോൽവി.

അഞ്ച് തവണ മന്ത്രിയായി. റവന്യൂവിനു പുറമേ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു.

പോരാട്ടം തന്നെ ജീവിതം

ജീവിതയാത്രയിലുടനീളം ഒരു പോരാളിയായിരുന്നു ഗൗരിയമ്മ. പാർട്ടിക്ക് വേണ്ടിയും പാർട്ടിക്കുള്ളിലും അവർ ഒരു പോലെ പൊരുതി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പോടെ കുടുംബജീവിതം വരെ ഉപേക്ഷിച്ചു.

പുരുഷാധിപത്യ രാഷ്ട്രീയയുക്തിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു ഗൗരിയമ്മയുടെ നിലപാടുകൾ. അതുകൊണ്ടു തന്നെയാകണം അർഹതപ്പെട്ട പല വാതിലുകളും ഗൗരിക്ക് മുന്നിൽ തുറന്നില്ല. കേരം തിങ്ങും കേരളനാട്, കെആർ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് ജയത്തിനപ്പുറത്തേക്ക് എത്തിയില്ല.

നിലപാടിലെ കാർക്കശ്യം അവർക്ക് പാർട്ടിയിൽനിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി. 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ഗൗരിയമ്മയെ സിപിഎം പുറത്താക്കി. തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്) രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേർന്നു. 2001ലെ എകെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അംഗമായി. പിന്നീട് യുഡിഎഫുമായി അകന്നു. ഇതിനിടയിൽ ജെഎസ്എസും പല തവണ പിളർന്നു. പ്രായത്തിന്റെ പരിമിതികൾ ഗൗരിയെ തളർത്തി. വർഷങ്ങൾക്ക് ശേഷം യുഡിഎഫിൽനിന്ന് പുറത്തേക്ക് നടന്നു. അവസാനം സിപിഎമ്മിന്റെ തണലിൽ തന്നെ അവർ അഭയം തേടി.



സംഘാടന മികവും ഭരണസാമർഥ്യവും രാഷ്ട്രീയ നിശ്ചയധാർഢ്യവുമായിരുന്നു ഗൗരിയമ്മയുടെ കൈമുതൽ. ആ വിപ്ലവനായികയുടെ കരുത്തും കനലും തിരിച്ചറിയാൻ ഇടതുപക്ഷ രാഷ്ട്രീയത്തിനായില്ല. അസാധാരണമായ മനക്കരുത്തും അക്ഷീണമായ ലക്ഷ്യബോധവുമായിരുന്നു കെ.ആർ ഗൗരിയെ മലയാളികളുടെ ഗൗരിയമ്മയാക്കിയത്. തടസങ്ങളെ തട്ടിമാറ്റിയും സാധ്യതകളെ അവസരമാക്കിയും അവർ കേരള രാഷ്ട്രീയത്തിന്റെ മുന്നിൽ നടന്നു. ഐക്യേകരളം പിച്ചവച്ച് തുടങ്ങിയ നാൾ മുതൽ കരുത്തും കരുതലുമായി അതിനൊപ്പം നടന്ന രാഷ്ട്രീയ മാതൃഭാവമാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ ഓർമയാകുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News