കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം 38 ദിവസം പിന്നിട്ടു
വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് അറിഞ്ഞതോടെ സിനിമ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്
കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരം 38 ദിവസം പിന്നിട്ടു. ഡയറക്ടറുടെ ജാതി വിവേചനവും വിദ്യാർത്ഥി വിരുദ്ധ നിലപാടുകളും ഉയർത്തിക്കാട്ടിയാണ് സമരം തുടരുന്നത്.
വിദ്യാർത്ഥികളുടെ ആവശ്യത്തിൽ കമ്മീഷനുകളെ നിയമിച്ച് തെളിവെടുപ്പുകൾ നടന്നുവെങ്കിലും പിന്നീട് ഒരനക്കവും ഉണ്ടായില്ല. ഇതിനിടെ കോളേജ് അടച്ച് വിദ്യാർത്ഥികളെ പ്രതിരോധത്തിലാക്കുകയും ചെയ്തു. എങ്കിലും സമരത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്.
വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് അറിഞ്ഞതോടെ സിനിമ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. രാജീവ് രവി, ആഷിഖ് അബു, ജിയോബേബി, കമൽ കെ.എം എന്നിങ്ങനെ നിരവധി പ്രമുഖർ ക്യാമ്പസിലെത്തി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി. പാർവ്വതി തിരുവോത്ത് അടക്കമുള്ള ഡബ്യൂ.സി.സി അംഗങ്ങളും വിദ്യാർത്ഥികർക്ക് പിന്തുണയുമായി എത്തിയിരുന്നു.