മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാറിന്റെ കെടുകാര്യസ്ഥതയാണെന്ന് ലത്തീൻ സഭ

അപകടങ്ങളുണ്ടാകുമ്പോഴത്തെ ജനങ്ങളുടെ പ്രതികരണം ഷോ ആണെന്ന മന്ത്രിയുടെ നിരീക്ഷണം നിരുത്തരവാദിത്തപരമെന്നും കെ.ആര്‍.എല്‍.സി.സി

Update: 2023-07-10 15:55 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാറിന്റെ കെടുകാര്യസ്ഥതയാണെന്ന് ലത്തീന്‍ സഭ. പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ല. അപകടങ്ങളുണ്ടാകുമ്പോഴത്തെ ജനങ്ങളുടെ പ്രതികരണം ഷോ ആണെന്ന മന്ത്രിയുടെ നിരീക്ഷണം നിരുത്തരവാദിത്തപരമെന്നും കെ.ആര്‍.എല്‍.സി.സി(കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസില്‍) ജനറൽ സെക്രട്ടറി ഫാദർ തോമസ് തറയിൽ പറഞ്ഞു. 

അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം വൈകിയതിലാണ് മുതലപ്പൊഴിയില്‍ പ്രതിഷേധമുണ്ടായത്. മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരെ തടഞ്ഞ മത്സ്യത്തൊഴിലാളികൾ രണ്ടിടത്ത് റോഡ് ഉപരോധിച്ചു. ഫാദർ യൂജിൻ പെരേര മന്ത്രിമാരോട് തട്ടിക്കയറിയെന്നും മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്തതെന്നും വി.ശിവൻകുട്ടി ആരോപിച്ചു.

ബോട്ടപകടം ഉണ്ടായ മുതലപ്പൊഴിയിലേക്ക് പോകാനാണ് മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ജി.ആർ അനിലും ആന്റണി രാജുവും എത്തിയത്. പുലിമുട്ട് ആരംഭിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ മത്സ്യത്തൊഴിലാളികൾ മന്ത്രിമാരെ തടഞ്ഞു. തുടർച്ചയായി അപകടമുണ്ടായിട്ടും സർക്കാർ ഇടപെടാത്തത് മത്സ്യത്തൊഴിലാളികൾ ചോദ്യം ചെയ്തു. കാര്യങ്ങൾ വിശദീകരിച്ച മത്സ്യത്തൊഴിലാളികളോട് ഷോ വേണ്ടെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. മത്സ്യത്തൊഴിലാളികളും മന്ത്രിമാരും വാക്കേറ്റം രൂക്ഷമായതോടെ അപകടമുണ്ടായ മുതലപ്പൊഴിയിലേക്ക് പോകാതെ മന്ത്രിമാർ മടങ്ങി. മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാം എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News