ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തി നിർത്തുകയായിരുന്നു: കെ.എസ് ഹംസ

ധാരാളം അടിയൊഴുക്കുകൾ ലീഗിൽ നിന്നുണ്ടാകും, ലീഗിലെ യുവാക്കളും വിദ്യാർഥികളുമെല്ലാം നിരാശയിലാണെന്നും പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ഹംസ പറഞ്ഞു

Update: 2024-04-21 16:17 GMT
Advertising

പൊന്നാനി: ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തി നിർത്തുകയായിരുന്നുവെന്ന് പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എസ് ഹംസ. അതിനെ പറ്റി ലീഗിൽ ജീവിച്ചിരിക്കുന്ന കുറേ നേതാക്കൾ ഉണ്ടല്ലോ, അവരോട് നെഞ്ചത്ത് കൈവെച്ച് ഒന്ന് പറയാൻ പറയു.

കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നത് തങ്ങൾക്ക് ഇഷ്മുണ്ടായിരുന്നില്ല. ഭീഷണിപ്പെടുത്തി നിർത്തുകയായിരുന്നു.  തങ്ങളെ ചോദ്യം ചെയ്യാൻ കുഞ്ഞാലിക്കുട്ടി ഇ.ഡിയെ കൂട്ടിക്കൊണ്ടുവന്നുവെന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞു. അത് നിഷേധിക്കാത്തത് എന്തുകൊണ്ടാണെന്നും ഹംസ ചോദിച്ചു.

ഇ.ഡിയെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ വോയ്സ് റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ എന്റെ കൈയിലുണ്ട്. പക്ഷെ അത് ഇപ്പോ പുറത്തുവിടാൻ പറ്റില്ല. അവർ നിഷേധിക്കട്ടെ അപ്പോൾ അത് പുറത്തുവിടുമെന്നും കെ.എസ് ഹംസ പറഞ്ഞു.

എന്തുകൊണ്ടാണ് എൻ.ഐ.എ ബില്ലിനെതിരെ വോട്ട് ചെയ്തില്ല. ഭീരുത്വം കൊണ്ടല്ലേ. മുസ്‍ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തപ്പോൾ സ്വാന്തനവുമായി എന്തുകൊണ്ട് പോയില്ല. ഭീരുത്വമല്ലെ കാരണം. ഭീരുത്വം കൊണ്ടാണ് എന്റെ ആരോപണങ്ങൾക്കും ലീഗ് മറുപടി നൽകാത്തത്.

മുസ്‍ലിം ലീഗിന് പരമ്പരാഗതമായി വോട്ട് ചെയ്തിരുന്നവർ കൂട്ടം കൂട്ടമായി വന്ന് എൽ.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പറയുകയാണ്. കാരണം ലീഗിന്റെ അഹംഭാവം അവസാനിപ്പിക്കണമെന്നും അവരുടെ കണ്ണുതുറപ്പിക്കണമെന്നുമാണ് അവർ പറയുന്നത്. ധാരാളം അടിയൊഴുക്കുകൾ ലീഗിൽ നിന്നുണ്ടാകും. ലീഗിലെ യുവാക്കളും വിദ്യാർഥികളുമെല്ലാം നിരാശയിലാണ്. നിരാശയില്ലാത്തത് ലീഗിലെ മുകളിലുള്ള ചിലർക്ക് മാത്രമാണെന്നും കെ.എസ്. ഹംസ പറഞ്ഞു. ഇത്രയും നിരാശ അണികൾക്ക് നൽകിയിട്ടുള്ള ഒരു നേതൃത്വം മുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News