ഇടുക്കിയിലെ ഡാമുകളുടെ സുരക്ഷ: കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും
സുരക്ഷാ വീഴ്ചയുണ്ടായ ഇടുക്കി ചെറുതോണി ഡാമിൽ പ്രത്യേക നിരീക്ഷണം നടത്തും.
ഇടുക്കി: ജില്ലയിലെ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും. ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ ഡാമുകളിലെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിലവിലെ പോരായ്മകളും യോഗത്തിൽ ചർച്ചയായി. സുരക്ഷാ വീഴ്ചയുണ്ടായ ഇടുക്കി ചെറുതോണി ഡാമിൽ പ്രത്യേക നിരീക്ഷണം നടത്തും. അവശ്യമെങ്കിൽ കൂടുതൽ നിരീക്ഷണ ക്യാമറകളും സന്ദർശകർക്കായുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.
ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമിൽ അതിക്രമിച്ച് കയറിയതും പലയിടങ്ങളിൽ താഴിട്ട് പൂട്ടിയതും. സുരക്ഷാവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു.
ഡാം സേഫ്റ്റി ഉദ്യോഗസ്ഥർക്ക് പിന്നാലെ എറണാകുളം റേഞ്ച് ഡി.ഐ.ജിയും ഡാമിൽ സന്ദർശനം നടത്തിയിരുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ഊർജിതമാക്കി.