53,000 രൂപ കുടിശ്ശിക; അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി
മൂവായിരത്തോളം വിദ്യാർഥികളുടെ പഠനം ഇരുട്ടിലായി
Update: 2024-06-21 07:19 GMT
പാലക്കാട്: അട്ടപാടി അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി.53000 രൂപയുടെ വൈദ്യുതി ബിൽ കുടിശ്ശികയായതോടെയാണ് കെ.എസ്.ഇ.ബിയുടെ നടപടി. ഇതോടെ മൂവായിരത്തോളം വിദ്യാർഥികളുടെ പഠനം ഇരുട്ടിലായി.
ജനുവരി മുതൽ തന്നെ വലിയൊരു കുടിശ്ശിക സ്‌കൂളിനുണ്ടായിരുന്നു. പലതവണകളായി ചെറിയ തുകകളായി അടച്ച് ഫ്യൂസ് ഊരുന്നത് ഒഴിവാക്കാൻ ശ്രമിച്ചിരുന്നെന്നും സ്‌കൂൾ പ്രധാനധ്യാപിക പറയുന്നു. 53,000 രൂപയാണ് ഇനി അടക്കാനുള്ളത്. അതിനിടയിലാണ് ഇന്ന് രാവിലെ ഉദ്യോഗസ്ഥരെത്തി ഫ്യൂസൂരിയത്. സംഭവം ജില്ലാ വിദ്യാഭ്യാസ ഓഫീസറെയടക്കം അറിയിച്ചിട്ടുണ്ട്. മഴക്കാലമായതിനാൽ ക്ലാസുകളിൽ വെളിച്ചം പോലുമില്ലാതെയാണ് വിദ്യാർഥികൾ ഇപ്പോൾ പഠിക്കുന്നത്.