മഴക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക് 13.67 കോടിയുടെ നഷ്ടം

4.18 ലക്ഷം വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു. രണ്ടര ലക്ഷം കണക്ഷനുകൾ പുനഃസ്ഥാപിച്ചു

Update: 2021-10-17 14:12 GMT
Advertising

മഴക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക് 13.67 കോടി രൂപയുടെ നഷ്ടമുണ്ടായതായി ബോർഡ് മീറ്റീങ് വിലയിരുത്തൽ. 4.18 ലക്ഷം വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു. രണ്ടര ലക്ഷം കണക്ഷനുകൾ പുനഃസ്ഥാപിച്ചു. 60 ട്രാൻസ്‌ഫോർമറുകളും 339 ഹൈ ടെൻഷൻ തൂണുകളും 1398 ലോ ടെൻഷൻ തൂണുകളും കേടായി.

പത്തനംതിട്ട, പാലാ, തൊടുപുഴ സർക്കിളുകളിലാണ് കൂടുതൽ നാശനഷ്ടമുള്ളത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിച്ചു. 10 മെഗാവാട്ട് ഉത്പാദനം നടക്കുന്ന ഉറുമി, പെരുംതേനരുവി ജലവൈദ്യുത പദ്ധതി പ്രവർത്തനം തകരാറിലായിരിക്കുകയാണ്. ഇടുക്കി, ഇടമലയാർ, ബാണാസുര സാഗർ, ഷോളയാർ എന്നിവിടങ്ങളിൽ ഉത്പാദനം കൂട്ടും. ഇടുക്കി, കക്കി, ഇടമലയാർ ഡാമുകൾ തുറക്കില്ലെന്നും യോഗം തീരുമാനിച്ചു.

ഇടുക്കി ഡാമിൽ ജലനിരപ്പ് 2396.20 അടിയിലെത്തിയിരിക്കുകയാണ്. 1.8 മില്ലീ മീറ്റർ മഴ വൃഷ്ടിപ്രദേശത്ത് ലഭിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

വിവിധ അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്:

1. മലമ്പുഴ ഡാം 114.15 മീറ്റർ (പരമാവധി ജലനിരപ്പ് 115.06)

2. മംഗലം ഡാം 77.12 മീറ്റർ (പരമാവധി ജലനിരപ്പ് 77.88)

3. പോത്തുണ്ടി 107.18 മീറ്റർ (പരമാവധി ജലനിരപ്പ് 108.204)

4. മീങ്കര 156.03 മീറ്റർ (പരമാവധി ജലനിരപ്പ് 156.36)

5. ചുള്ളിയാർ 153.69 മീറ്റർ (പരമാവധി ജലനിരപ്പ് 154.08)

6. വാളയാർ 201.20 മീറ്റർ (പരമാവധി ജലനിരപ്പ് 203)

7. ശിരുവാണി 876.75 മീറ്റർ (പരമാവധി ജലനിരപ്പ് 878.5)

8. കാഞ്ഞിരപ്പുഴ 95.38 മീറ്റർ (പരമാവധി ജലനിരപ്പ് 97.50)

മലമ്പുഴ ഡാമിൽ 21 സെന്റീമീറ്റർ വീതവും പോത്തുണ്ടി ഡാമിൽ 13 സെന്റിമീറ്റർ വീതവും കാഞ്ഞിരപ്പുഴ ഡാമിൽ 30 സെന്റിമീറ്റർ വീതവും മംഗലം ഡാമിൽ 35 സെന്റിമീറ്റർ വീതവുംഎല്ലാ ഷെട്ടറുകളും തുറന്നിട്ടുണ്ട്. ചുള്ളിയാർ ഡാമിലെ രണ്ട് ഷട്ടറുകൾ മൂന്നു സെന്റീമീറ്റർ വീതവും ശിരുവാണി ഡാമിലെ റിവർ സ്ലുയിസ് ഷട്ടർ 50 സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News