കെ.എസ്.ഇ.ബി താരിഫ് വർധന ജൂണിൽ പ്രഖ്യാപിച്ചേക്കും; പൊതുതെളിവെടുപ്പ് പൂർത്തിയായി
ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 20 പൈസ വരെ വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: അടുത്ത നാലുവർഷത്തേക്കുള്ള കെ.എസ്.ഇ.ബി താരിഫ് വർധന ജൂണിൽ പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ച വൈദ്യുതി റഗുലേറ്ററി കമ്മീഷൻറെ പൊതുതെളിവെടുപ്പ് പൂർത്തിയായി. നിരക്ക് വർധിപ്പിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗാർഹിക ഉപഭോക്താക്കളുടെ സംഘടനയായ ഡി.ഇ.സി.എ മീഡിയവണിനോട് പറഞ്ഞു.
നിലവിലുള്ള വൈദ്യുതി താരിഫിന് ജൂൺ 30 വരെയാണ് കാലാവധി. ജൂൺ പകുതിയോടെ പുതിയ നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ പുതുക്കിയ നിരക്ക് ജൂലൈ 1 മുതലാകും പ്രാബല്യത്തിൽ വരിക. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. മറ്റ് സ്ലാബുകളിലുള്ളവർക്ക് ആദ്യ രണ്ടു വർഷം 15 മുതൽ 20 പൈസവരെയും അതിൻറെ അടുത്ത വർഷം 5 പൈസയും യൂണിറ്റിന് വർധിപ്പിക്കണമെന്നതാണ് കെഎസ്ഇബിയുടെ ആവശ്യം. അവസാന വർഷം നിരക്ക് വർധന കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ല.
പ്രതിമാസം 50 മുതൽ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ കാര്യമായ മാറ്റം വരുത്തണമെന്നതാണ് കെഎസ്ഇബി നിലപാട്. 500 യൂണിറ്റിന് മുകളിൾ ഉപയോഗിക്കുന്നവർക്ക് വലിയ മാറ്റം വേണ്ടതില്ലെന്നും കെഎസ്ഇബി പറയുന്നുണ്ട്. ഇതോടൊപ്പം ഫിക്‌സഡ് ചാർജ് 30 രൂപ വരെ കൂട്ടണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു.