വൈദ്യുതി പ്രതിസന്ധി: കെ.എസ്.ഇ.ബി വിളിച്ച ഉന്നതതലയോഗം ഇന്ന്

റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം കൂടി കണക്കിലെടുത്താകും സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തണോ എന്നതിൽ തീരുമാനമെടുക്കുക.

Update: 2023-08-21 00:48 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ വൈദ്യുത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. കാലവർഷം ദുർബലമായതിനാൽ ഡാമുകളിൽ ജലനിരപ്പ് വളരെ കുറവാണ്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതാണ് വൈദ്യുത പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതിൽ കെ.എസ്.ഇ.ബി സമർപ്പിച്ച പെറ്റീഷനിൽ റെഗുലേറ്ററി കമ്മീഷൻ ഇന്ന് പ്രത്യേക ഹിയറിങ് നടത്തും. കരാർ നീട്ടി നൽകണമെന്നതാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.

റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം കൂടി കണക്കിലെടുത്താകും സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തണോ എന്നതിൽ തീരുമാനമെടുക്കുക. നിലവിൽ ഗുരുതര പ്രതിസന്ധിയിലാണ് കെ.എസ്.ഇ.ബി. ഓരോ ദിവസവും 15 കോടി രൂപ മുടക്കിയാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്. പരിഹാര നടപടികൾ എന്തൊക്കെ എന്നത് റിപ്പോര്‍ട്ടായി സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി ചെയര്‍മാനോട് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി ഉത്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലസേചന ഡാമുകളിലും അപകടകരമായ തോതില്‍ വെള്ളം കുറയുകയാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനവും ഇടുക്കിയില്‍ നിന്നാണ്. ഇപ്പോള്‍ അണക്കെട്ടില്‍ ബാക്കിയുള്ളത് 32 ശതമാനം വെള്ളം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 81 ശതമാനം വെള്ളമുണ്ടായിരുന്നു.

പമ്പ- 34 ശതമാനം, കക്കി- 36, മൂഴിയാര്‍- 32, ഇടമലയാര്‍- 42, കുറ്റിയാടി- 33, ആനയിറങ്കല്‍- 25, ഷോളയാര്‍- 62, കുണ്ടള- 68 എന്നിങ്ങനെയാണ് കെ.എസ്.ഇ.ബിയുടെ കീഴിലെ മറ്റ് ഡാമുകളിലെ ജലത്തിന്റെ ശതമാനം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News