കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി; സിഡാക്കുമായി ചേർന്ന് നടപ്പാക്കാൻ ആലോചന

പദ്ധതിയുടെ ഭാ​ഗമായി സിഡാക്ക് വികസിപ്പിച്ച 25 സ്മാര്‍ട്ട് മീറ്ററുകള്‍ കെ.എസ്.ഇബി വാങ്ങും

Update: 2023-09-17 03:09 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ച രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി വേണ്ടെന്ന് തീരുമാനിച്ചതിനു പിന്നാലെ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സിഡാക്കുമായി മുമ്പ് കെ.എസ്.ഇ.ബി ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന. സിഡാക്ക് വികസിപ്പിച്ച 25 സ്മാര്‍ട്ട് മീറ്ററുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി വാങ്ങി സ്ഥാപിക്കും.

2018ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കുമായി സ്മാര്‍ട്ട് പവര്‍ ക്വാളിറ്റി ഇന്‍ ഡിസ്ട്രിബ്യൂഷന്‍ ഗ്രിഡ് എന്ന പേരില്‍ ഒരു പദ്ധതിക്ക് കെ.എസ്.ഇ.ബി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിലെ ആറ് പൈലറ്റ് പ്രോജക്ടുകളിലൊന്ന് സ്മാര്‍ട്ട് മീറ്ററാണ്. കേന്ദ്ര സര്‍ക്കാര്‍ ആര്‍ഡിഎസ്എസ് പദ്ധതി പ്രകാരം സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സിഡാക്കുമായുള്ള ധാരണാപത്രവുമായി കെ.എസ്.ഇ.ബി മുന്നോട്ടു പോയില്ല. പുതിയ സാഹചര്യങ്ങള്‍ ഉണ്ടായതോടെയാണ് പദ്ധതി വീണ്ടും സജീവമാക്കാന്‍ തീരുമാനമെടുത്തത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇക്കാര്യം നിയമസഭയെ രേഖാമൂലം അറിയിച്ചു.

സിഡാക്ക് വികസിപ്പിച്ച 25 സ്മാര്‍ട്ട് മീറ്ററുകള്‍ കെഎസ്ഇബി വാങ്ങി ഫീല്‍ഡ് തലത്തില്‍ ഏതാനും ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ സ്ഥാപിക്കാനാണ് ധാരണ. ഹെഡ് എന്‍ഡ് സിസ്റ്റം സിഡാക്ക് സ്ഥാപിക്കും. ഫലപ്രാപ്തി കണക്കിലെടുത്തേ വാണിജ്യ അടിസ്ഥാനത്തിലുള്ള വിന്യാസത്തിലേക്ക് കടക്കൂ. നേരത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നടത്തിപ്പ് നല്‍കുന്ന ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം നടത്തിയാല്‍ ജനത്തിന് അധികഭാരം ഉണ്ടാകുമെന്ന് കണ്ടെത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ രീതി സംസ്ഥാനം ഉപേക്ഷിച്ചത്. കേന്ദ്ര നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പദ്ധതിക്കുള്ള ഗ്രാന്‍ഡ് നഷ്ടപ്പെടുമെന്ന് ഊര്‍ജമന്ത്രാലയം കേരളത്തെയും അറിയിച്ചിട്ടുണ്ട്.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News