ഓഡിറ്റ് കാര്യക്ഷമമല്ല; യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക അക്കൗണ്ടിംഗ് വിഭാഗം രൂപീകരിച്ച് കെഎസ്ആർടിസി
പ്രതിദിനം 6 കോടിയോളം രൂപയാണ് കെഎസ്ആർടിയിയുടെ വരുമാനം
തിരുവനന്തപുരം: ഓഡിറ്റിങ് കാര്യക്ഷമാക്കാൻ യോഗ്യതയുള്ള ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക ഓഡിറ്റ് വിഭാഗം. നിലവിലുള്ള അക്കൗണ്ട്‌സ് വിഭാഗത്തിൽ നിന്ന് കൊമേഴ്‌സ് ബിരുദധാരികള ഉൾപ്പെടുത്തിയാണ് ഓഡിറ്റിനു വേണ്ടി മാത്രം പുതിയ വിഭാഗം രൂപീകരിച്ചത്.
പ്രതിദിനം 6 കോടിയോളം രൂപയാണ് കെഎസ്ആർടിയിയുടെ വരുമാനം. ഇപ്പോഴുള്ള അക്കൗണ്ട്‌സ് വിഭാഗത്തിൽ അസിസ്റ്റന്റുമാരെ നിയമിച്ചിരുന്നത് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല. ഇതുകാരണം കണക്കുകൾ ക്രമീകരിക്കുന്നതിൽ കാലതാമസം വരുന്നതും പിഴവുകൾ ഉണ്ടാകുന്നതും യാഥാർത്ഥ്യമെന്ന് കോർപ്പറേഷൻ സമ്മതിക്കുന്നു. 2017-18 വർഷം വരെയുള്ള അക്കൗണ്ട്‌സ് മാത്രമേ ഇതുവരെ ഓഡിറ്റ് ചെയ്തിട്ടുള്ളു.
ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പ്രത്യേകമായ അക്കൗണ്ട്‌സ് വിഭാഗം രൂപീകരിച്ചത്. നിലവിലെ അസിസ്റ്റന്റുമാരിൽ ബികോം എംകോം വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാരെ ഇവിടെ ഉൾപ്പെടുത്തും. എല്ലാ ആഴ്ചയും വരവ് ചെലവ് സംബന്ധിച്ച താരതമ്യ പഠനം നടത്തി വ്യതിയാനങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ഇവരുടെ പ്രധാന ജോലിയാണ്.