കെ.എസ്.ആര്‍.ടി.സി രണ്ടാം ഗഡു ശമ്പളം വൈകുന്നു: യൂണിയനുകള്‍ ഇന്ന് പ്രതിഷേധിക്കും
ഭരണപക്ഷ യൂണിയനായ സി.ഐ.ടി.യുവും കോണ്‍ഗ്രസ് അനുകൂല യൂണിയൻ ടി.ഡി.എഫും സംയുക്തമായി ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിക്കുക
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ മാർച്ച് മാസത്തെ രണ്ടാം ഗഡു ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അംഗീകൃത യൂണിയനുകള്‍ സമരം ചെയ്യും. ഭരണപക്ഷ യൂണിയനായ സി.ഐ.ടി.യുവും കോണ്‍ഗ്രസ് അനുകൂല യൂണിയൻ ടി.ഡി.എഫും സംയുക്തമായി ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിക്കുന്നത്. ബി.എം.എസ് യൂണിയന്‍ തമ്പാനൂരിൽ പട്ടിണി സമരമിരിക്കും.
വിഷുവിന് മുന്‍പ് രണ്ടാം ഗഡു ശമ്പളം പ്രതീക്ഷിച്ചതാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. നിരാശയായിരുന്നു ഫലം. 230 കോടി രൂപ മാര്‍ച്ച് മാസം വരുമാനമായി ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ദുരിതം മാത്രമെന്നാണ് യൂണിയന്‍ ആക്ഷേപം. ഇതോടെയാണ് സമരം ചെയ്യാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്.
ഗഡുക്കളായുള്ള ശമ്പള വിതരണം നിര്‍ത്തുക, സ്വിഫ്റ്റ് കമ്പനിയെ കെ.എസ്.ആര്‍.ടി.സിയില്‍ ലയിപ്പിക്കുക, പുതിയ ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കുക എന്നീ ആവശ്യങ്ങളും യൂണിയനുകള്‍ ഉന്നയിക്കുന്നുണ്ട്. ചൊവ്വാഴ്ച സമര സമിതി യോഗം ചേര്‍ന്ന് പണിമുടക്ക് അടക്കമുള്ള സമരമുറകള്‍ ആലോചിക്കും. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ മാനേജ്മെന്‍റ് ചോദിച്ചെങ്കിലും ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഇതു കിട്ടിയാലേ ബാക്കി ശമ്പളം വിതരണം ചെയ്യാനാകൂ എന്നാണ് മാനേജ്മെന്‍റ് അറിയിച്ചത്.