കെഎസ്ആര്‍ടിസിയില്‍ ഇടത് സംഘടനയും സമരത്തിലേക്ക്; നവംബര്‍ അഞ്ചിന് പണിമുടക്ക്
ഈ മാസം 28 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.
കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനയായ കെഎസ്ആര്‍ടിഇഎ സമരത്തിലേക്ക്. നവംബര്‍ അഞ്ചിന് പണിമുടക്ക് നടത്തും. ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കുക. എംപാനല്‍ ജീവനക്കാരെ സംരക്ഷിക്കുക സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഈ മാസം 28 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ വിഷയത്തില്‍ ഇടപെട്ടിരുന്നു. നേരത്തെ മുഖ്യമന്ത്രി തന്നെ ശമ്പള പരിഷ്‌ക്കരണത്തില്‍ അടിയന്തിര തീരുമാനമുണ്ടാക്കണമെന്നും മാനേജ്‌മെന്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗതാഗത മന്ത്രി കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനവുമാകാത്ത സാഹചര്യത്തിലാണ് ഇടതു സംഘടന പണിമുടക്കിലേക്ക് നീങ്ങുന്നത്.
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണവും മുടങ്ങിയിട്ടുണ്ട്. എണ്‍പത് കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ. ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്ആര്‍ടിസി അപേക്ഷ പരിഗണിച്ചില്ലെന്നാണ് ആരോപണം.