കെ.എസ്.ആർ.ടി.സി രണ്ടാം ഗഡു ശമ്പളം വൈകുന്നു; അടുത്ത മാസം 8ന് ബിഎംഎസ് പണിമുടക്ക്
യൂനിയനുകള്‍ വസ്തുതയറിയാതെയാണ് പ്രതിഷേധിക്കുന്നതെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്റെ പ്രതികരണം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ മാര്‍ച്ച് മാസത്തെ രണ്ടാം ഗഡു ശമ്പളം വൈകുന്നതില്‍ പ്രതിഷേധം കടുപ്പിച്ച് യൂനിയനുകള്‍. ഏപ്രിലിലെ ശമ്പളം അടുത്ത മാസം അഞ്ചിന് മുൻപ് ഒരുമിച്ച് കിട്ടിയില്ലെങ്കില്‍ മെയ് 8ന് പണിമുടക്കുമെന്ന് ബിഎംഎസ് യൂനിയന്‍ അറിയിച്ചു. യൂനിയനുകള്‍ വസ്തുതയറിയാതെയാണ് പ്രതിഷേധിക്കുന്നതെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്റെ മറുപടി.
ഭരണപക്ഷ യൂനിയനായ സി.ഐ.ടി.യുവും കോണ്‍ഗ്രസ് അനുകൂല ടി.ഡി.എഫും സംയുക്തമായി ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്.
ബിഎംഎസ് യൂണിയന്‍ തമ്പാനൂരില്‍ പട്ടിണി സമരമിരുന്നു. വിഷുവിന് മുൻപ് രണ്ടാം ഗഡു ശമ്പളം പ്രതീക്ഷിച്ചതാണ് കെ.എസ്.ആർ.ടി.സി ജീവനക്കാര്‍. എന്നാൽ നിരാശയായിരുന്നു ഫലം. 230 കോടി രൂപ മാര്‍ച്ച് മാസം വരുമാനമായി ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ദുരിതം മാത്രമെന്നാണ് യൂനിയന്‍ ആക്ഷേപം. 15-ാം തീയതിക്ക് ശേഷമാണ് രണ്ടാം ഗഡു നല്‍കേണ്ടത്. സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാല്‍ ശമ്പളം നല്‍കുമെന്ന് മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു.
സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ മാനേജ്മെന്‍റ് ചോദിച്ചെങ്കിലും ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഇതു കിട്ടിയാലേ ബാക്കി ശമ്പളം വിതരണം ചെയ്യാനാകു എന്നാണ് മാനേജ്മെന്‍റ് അറിയിച്ചത്.