തമിഴ്‌നാട് ആർടിസിയെ കുറിച്ച് പഠിക്കാൻ കെഎസ്ആർടിസി സംഘം ചെന്നൈയിൽ
ടിഎൻഎസ്ടിസിയുടെ കീഴിലുള്ള ബസുകളുടെ അറ്റകുറ്റപണി എങ്ങനെയൊക്കെയാണെന്ന് പഠിക്കാനാണ് വർക്സ് മാനേജറുടെ നേതൃത്വത്തിൽ സ്വന്തം ബസിൽ തന്നെ കെഎസ്ആര്‍ടിസി സംഘത്തെ അയച്ചത്
തിരുവനന്തപുരം: തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തെ കുറിച്ച് വിശദമായി പഠിക്കാൻ കെഎസ്ആര്‍ടിസി. 40 അംഗ സംഘം ഇതിനായി ചെന്നൈയിലെത്തി. അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളും സംഘത്തിലുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറും പിന്നാലെ ജോയിൻറ് എംഡി പ്രമോജ് ശങ്കറും തമിഴ്നാട് സന്ദർശിച്ചിരുന്നു. വളരെ ഫലപ്രദമായി പൊതു ഗതാഗത സംവിധാനവും വർക്ക് ഷോപ്പ് പ്രവർത്തനങ്ങളും തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ അഥവാ ടിഎൻഎസ്ടിസിയുടെ മികവാണ്. ടിഎൻഎസ്ടിസിയുടെ കീഴിലുള്ള ബസുകളുടെ അറ്റകുറ്റപണി എങ്ങനെയൊക്കെയാണെന്ന് പഠിക്കാനാണ് വർക്സ് മാനേജറുടെ നേതൃത്വത്തിൽ സ്വന്തം ബസിൽ തന്നെ കെഎസ്ആര്‍ടിസി സംഘത്തെ അയച്ചത്.
മൂന്ന് ദിവസം സംഘം ചെന്നൈയിൽ നിന്ന് കാര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കും. എട്ട് വിഭാഗമായി തിരിച്ചിട്ടുള്ള തമിഴ്നാട് പൊതുഗതാഗത സംവിധാനത്തിന് കീഴില്‍ 20,970 ബസുകളുണ്ട്. ഇവയുടെ അറ്റകുറ്റപണിക്കായി 20 വര്‍ക്ക്ഷോപ്പുകള്‍ വേറെയും. ഇത്രയും ബസുകളുണ്ടെങ്കിലും ആയിരത്തില്‍ താഴെ എണ്ണം മാത്രമാണ് സ്പെയര്‍ ആയി മാറ്റി ഇടേണ്ടി വരിക. 4000 ബസ് മാത്രമുള്ള കെഎസ്ആര്‍ടിസിക്ക് പലപ്പോഴും 500ന് മുകളില്‍ ബസുകള്‍ ഒരേ സമയം കട്ടപ്പുറത്ത് കയറാറുണ്ട്.