കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ സംസ്ഥാനത്ത് മുഴുവനായി വ്യാപിപ്പിക്കുന്നു; സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലും സംവിധാനം ഏര്‍പ്പെടുത്തും
നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സേവനമുള്ളത്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് മുഴുവനായി വ്യാപിപ്പിക്കുന്നു. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സേവനമുള്ളത്. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലും ട്രാവല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും.
വിദേശ രാജ്യങ്ങളിന് സമാനമായിട്ടാണ് പണരഹിത ഇടപാടിനുള്ള സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡുകള്‍കെ.എസ്.ആര്‍.ടി.സി രംഗത്തിറക്കിയത്. ചില്ലറയെ ചൊല്ലി ഉണ്ടാകുന്ന തര്‍ക്കത്തിന് ഒരു പരിഹാരമായിരുന്നു ട്രാവല്‍ കാര്‍ഡ്. പദ്ധതി വന്‍ വിജയമായതോടെയാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 50 ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞു. മറ്റ് ജില്ലകളിലുള്ളവര്‍ക്ക് ഇവര്‍ ക്ലാസു നല്‍കും. ഫീഡര്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍ ബസുകള്‍ എന്നിവയിലാണ് നിലവില്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര നടത്താനാവുക.
സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലും സംവിധാനം വരുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകാരമാകും. 100 രൂപ മുടക്കിയാല്‍ കാര്‍ഡ് ലഭിക്കും. ഈ തുകയും യാത്രക്കായി ഉപയോഗിക്കാം. ശേഷം 50 മുതല്‍ 2000 രൂപ വരെ ചാര്‍ജ് ചെയ്യാം. ബസിലെ കണ്ടക്ടര്‍മാര്‍ തന്നെയാണ് ചാര്‍ജ് ചെയ്ത് നല്‍കുന്നതും. ഒരു കുടുംബത്തിലെ ആര്‍ക്കും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നതാണ് സവിശേഷത.