സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
ഇന്നലത്തെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായിരുന്നു
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് കെ.എസ്.യു പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉൾപെടെ 10 പേരെ റിമാൻഡ് ചെയ്തിരുന്നു. മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്.
സർവകലാശാല വിസി നിയമനത്തിൽ സർക്കാർ ഗവർണർ ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്. ബലംപ്രയോഗിച്ചാണ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.