മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ.എസ്.യു മാർച്ച്; സംഘർഷം
മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകർത്ത് ഹോസ്റ്റലിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. കെ.എസ്.യു പ്രവർത്തകരെ മർദിച്ച എസ്.എഫ്.ഐക്കാർ ഹോസ്റ്റലിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് എം.ജി റോഡ്-എസ്.ആർ.വി സ്‌കൂളിന് മുന്നിലൂടെയാണ് ഹോസ്റ്റലിലേക്ക് നീങ്ങിയത്.
മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകർത്ത് ഹോസ്റ്റലിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു കെ.എസ്.യു പ്രവർത്തകന് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മഹാരാജാസ് കോളജിലെ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചത്. അതേസമയം ധീരജിന്റെ കൊലപാതകത്തിൽ ഗൂഢാലോചന കണ്ടെത്താനായിട്ടില്ലെന്നും പെട്ടന്നുള്ള സംഘർഷത്തിനിടെയാണ് ധീരജിന് കുത്തേറ്റതെന്നുമാണ് പൊലീസ് പറയുന്നത്.