ഹയര്‍ സെക്കന്‍ഡറിയിലെ പി.ടി പിരിയഡുകളുടെ ചുമതല മറ്റു അധ്യാപകര്‍ക്ക് നല്‍കിയതില്‍ കെ.എസ്.യു പ്രതിഷേധം
കോഴിക്കോട് ഗവണ്‍മെന്‍റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറിയിലെ പി.ടി പിരിയഡുകളുടെ ചുമതല മറ്റു അധ്യാപകര്‍ക്ക് നല്‍കിയ ഉത്തരവില്‍ പ്രതിഷേധവുമായി കെ.എസ്.യു. കോഴിക്കോട് ഗവണ്‍മെന്‍റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. പുതിയ ഉത്തരവ് തങ്ങളുടെ തൊഴിലവസരം ഇല്ലാതാക്കുമെന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.
ഹയര്‍ സെക്കണ്ടിറിയിലെ പി.ടി പിരിയഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവിന് പിന്നാലെയാണ് നിര്‍ദേശം നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കുറുക്ക് വഴി തേടിയത്. പി.ടി പിരിയഡുകളില്‍ ഹൈസ്കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരെ ഉപയോഗിക്കണം അല്ലെങ്കില്‍ ഹയര്‍ സെക്കണ്ടറിയിലെ മറ്റു അധ്യാപകര്‍ പി.ടി പിരിയഡുകളുടെ മേല്‍നോട്ട ചുമതല വഹിക്കണം. ഇതായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. പുതിയ ഉത്തരവ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ തൊഴിലവസരം ഇല്ലാതാക്കുമെന്ന് കെ.എസ്.യു ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവണ്‍മെന്‍റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജിലെ പ്രതിഷേധം.
ഫിസിക്കല്‍ എജ്യുക്കേഷന്‍ യോഗ്യതയില്ലാത്തവര്‍ പി.ടി പിരിയഡുകള്‍ കൈകാര്യം ചെയ്യുന്നത് കായിക മേഖലയെ ബാധിക്കുമെന്നും കെ.എസ്.യു ചൂണ്ടിക്കാണിക്കുന്നു. ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.