കെ.എസ്.യു മേഖലാ ക്യാമ്പിൽ തമ്മിൽത്തല്ല്; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ.പി.സി.സി
കെ.പി.സി.സി നേതൃത്വത്തിനെതിരായ അതൃപ്തിയാണ് സംഘർഷത്തിന് വഴിവെച്ചത്
തിരുവനന്തപുരം: നെയ്യാർ ഡാമിൽ നടക്കുന്ന കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ തമ്മിൽത്തല്ല്. ഇന്നലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെ.പി.സി.സി നേതൃത്വത്തിനെതിരായ അതൃപ്തിയാണ് സംഘർഷത്തിന് വഴിവെച്ചത്. കെ.സുധാകരൻ ക്യാമ്പിൽ എത്താതിരുന്നതും തർക്കത്തിനിടയാക്കി.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു തമ്മിൽത്തല്ല് നടന്നത്. ഇന്നലെ രാത്രിയിൽ നടന്ന നാടൻപാട്ടിന് ശേഷം തുടങ്ങിയ വാക്കേറ്റമാണ് കൈയാങ്കളിയിലേക്ക് നീങ്ങിയത്. ഇന്ന് ക്യാമ്പ് തീരാനിരിക്കെ കെ.എസ്.യു നേതൃത്വം അവതരിപ്പിക്കാനിരുന്ന പ്രമേയം കെ.പി.സി.സി നേതൃത്വത്തിനെതിരെയാകുമെന്ന പ്രചാരണവും കാരണമായി. വിഷയം എൻ.എസ്.യു.ഐ പരിശോധിക്കുമെന്നും പ്രവർത്തകർ മദ്യപിച്ചോ എന്ന കാര്യം അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് കെ.പി.സി.സി നേതൃത്വം മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം നസീർ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എ.കെ ശശി എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. ഇന്ന് വൈകുന്നേരം അന്വേഷണ റിപ്പോർട്ട് കെ.പി.സി.സി പ്രസിഡൻ്റിന് കൈമാറണമെന്നാണ് നിർദേശം. ഇതിനിടെ ക്യാമ്പ് നിർത്തിവെയ്ക്കാനും കെ.പി.സി.സി നേതൃത്വം നിർദേശം നൽകി. തുടർപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ക്യാമ്പിന്‍റെ അവസാന ദിവസമാണിന്ന്.