സർക്കാരിന്റെ ബക്രീദ് മേളയുടെ ഉദ്ഘാടകനായി സാദിഖലി തങ്ങൾ; മികച്ച സന്ദേശമെന്ന് കെ.ടി ജലീൽ

കോൺഗ്രസ് നേതാക്കളും വായ തുറന്നാൽ പിണറായിയെ തെറി പറയുന്ന ലീഗിലെ കോൺഗ്രസ് തലച്ചോറുള്ള "കോൺലീഗു"കാരും ഇത് കണ്ട് പഠിക്കട്ടെയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Update: 2023-06-24 16:10 GMT
Advertising

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഖാദി ബക്രീദ് മേള ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ അഭിനന്ദിച്ച് കെ.ടി ജലീൽ. യു.ഡി.എഫ് ഭരിക്കുമ്പോൾ പോലും ഇത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടകനായി ലീഗ് പ്രസിഡന്റുമാരെ ക്ഷണിച്ചതായി ഓർമയില്ലെന്നും ഖാദി ബോർഡ് ചെയർമാൻ പി. ജയരാജൻ പ്രകടിപ്പിച്ച ഔചിത്യം മാതൃകാപരമാണെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സംസ്ഥാന സർക്കാരിൻ്റെ 2023 ലെ ഖാദി ബക്രീദ് മേള മലപ്പുറത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ ഉൽഘാടനം ചെയ്തു. യു.ഡി.എഫ് ഭരിക്കുമ്പോൾ പോലും ഇത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഉൽഘാടകനായി ലീഗ് സംസ്ഥാന അദ്ധ്യക്ഷന്മാരെ വിളിച്ചത് ഓർമ്മയിലില്ല. ഖാദിബോർഡ് വൈസ് ചെയർമാൻ സഖാവ് പി ജയരാജൻ പ്രകടിപ്പിച്ച ഔചിത്യം മാതൃകാപരമാണ്. മന്ത്രി വി അബ്ദുറഹിമാൻ സാദിഖലി തങ്ങളെ ഖദർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഖാദി കിറ്റ് മന്ത്രിക്ക് നൽകിയാണ് തങ്ങൾ ഈ വർഷത്തെ ഖാദി-ബക്രീദ് മേള ഉൽഘാടനം ചെയ്തത്. ഇടതു സർക്കാരിനെതിരെ അനാവശ്യമായി സമരം ചെയ്യുന്ന എല്ലാവർക്കും സാദിഖലി തങ്ങൾ നൽകുന്ന മികച്ച സന്ദേശമാണിത്‌. ക്രിയാത്മക പ്രതിപക്ഷമെന്ന വാക്ക് അന്വർത്ഥമാക്കിയ തങ്ങൾക്ക് അഭിനന്ദനങ്ങൾ.

കോൺഗ്രസ് നേതാക്കളും വായ തുറന്നാൽ പിണറായിയെ തെറി പറയുന്ന ലീഗിലെ കോൺഗ്രസ് തലച്ചോറുള്ള "കോൺലീഗു"കാരും ഇത് കണ്ട് പഠിക്കട്ടെ. സൈബർ പച്ചപ്പടക്കും ഈ ചിത്രത്തിൽ ദൃഷ്ടാന്തമുണ്ട്. രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തിയും ഫാഷിസം പത്തിവിടർത്തിയാടുന്ന കാലത്ത് ഒരുമിച്ച് നിൽക്കാനാകുമെന്ന് കാണിച്ചു തരികയാണ് മലപ്പുറത്തെ വിവേകികൾ.

''ദേശാഭിമാനി" രണ്ടുമാസം മുമ്പ് മലപ്പുറം എം.എസ്.പി ഹയർ സെക്കൻ്റെറി സ്കൂളിൽ സംഘടിപ്പിച്ച സെമിനാറിൽ മുനവ്വറലി തങ്ങൾ പങ്കെടുത്തതും പൂക്കോട്ടൂരിൽ ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന "മലബാർ കലാപ'' വാർഷിക സെമിനാർ സഖാവ് എം.ബി രാജേഷ് ഉൽഘാടനം ചെയ്തതും ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഇ.എം.എസ് സെമിനാറിൻ്റെ ഉൽഘാടന സമ്മേളനത്തിൽ മലപ്പുറം എം.പി അബ്ദുസ്സമദ് സമദാനി പ്രൗഢോജ്ജ്വല പ്രസംഗം നടത്തിയതും ഇടതുപക്ഷത്തിനും ന്യൂനപക്ഷങ്ങൾക്കുമിടയിൽ ആശയ സംവാദത്തിൻ്റെ പുതിയ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News