അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഹൃദയം തകർന്നു മരിക്കുമായിരുന്നു: കെ.ടി ജലീൽ
"പിണറായി സർക്കാറിന്റെ രണ്ടാംവരവ് അത്രമാത്രം ജനങ്ങൾ ആഗ്രഹിച്ചിരുന്നു"
ബന്ധുനിയമന വിവാദത്തില്‍ തനിക്കെതിരെയുള്ള ലോകായുക്ത വിധി തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പൊട്ടിക്കാൻ വച്ച ബോംബായിരുന്നുവെന്നും ഇലക്ഷന് മുമ്പായിരുന്നുവെങ്കിൽ രണ്ടാം പിണറായി സർക്കാറിന്റെ ഭരണത്തുടർച്ചയെ തന്നെ അതു ബാധിക്കുമായിരുന്നുവെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പു മുൻ മന്ത്രി കെ.ടി ജലീൽ. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഹൃദയം തകർന്നു മരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആത്മകഥ 'പച്ച കലർന്ന ചുവപ്പി'ന് ആമുഖമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ മന്ത്രി. സമകാലിക മലയാളമാണ് ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
ലോകായുക്ത വിധിയെ കുറിച്ച് മുൻ മന്ത്രി പറയുന്നതിങ്ങനെ;
''പത്തു ദിവസം കൊണ്ടാണ് എനിക്കെതിരെയുള്ള പരാതി ഫയലിൽ സ്വീകരിച്ച് വാദം കേട്ട് വിധി പറഞ്ഞത്. എനിക്കൊരു നോട്ടീസ് പോലും അയച്ചില്ല. സ്വന്തമായി ഒരു വക്കീലിനെ വയ്ക്കാൻ പോലും അവസരം നൽകിയില്ല. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പൊട്ടിക്കാൻ വച്ച 'ബോംബാ'യിരുന്നു അത്. യുഡിഎഫുകാർ അടക്കം പറഞ്ഞ 'ബോംബ്' ഇതായിരുന്നു. ന്യൂനപക്ഷ കോർപറേഷന്റെ വക്കീലായ കാളീശ്വരം രാജ് തന്റെ വാദം കേൾക്കാൻ അവസരം വേണമെന്നും സുപ്രിംകോടതിയിൽ കേസുള്ളതിനാൽ നിശ്ചയിച്ച ദിവസം വരാൻ കഴിയില്ലെന്നും രേഖാമൂലം കോടതിയെ അറിയിച്ചു. അതുകൊണ്ടു മാത്രം തട്ടിത്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അപ്പുറം കടന്നതാണ്. അല്ലായിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നു ദിവസം മുമ്പ് വിധി വരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ പിണറായി സർക്കാറിന്റെ രണ്ടാം വരവിനെ തന്നെ പ്രതികൂലമായി അതു ബാധിച്ചേനേ. 'ദൈവത്തിന്റെ കൈ സഹായിച്ചു' എന്ന് അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ഗോളിനെ കുറിച്ച് മറഡോണ പറഞ്ഞതു പോലെ കാളീശ്വരം രാജിന്റെ സുപ്രിംകോടതിയിലെ കേസുകൾ ദൈവസഹായമായി എന്റെ കാര്യത്തിൽ മാറുകയാണ് ചെയ്തത്. അല്ലായിരുന്നെങ്കിൽ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഒരു സർക്കാറിന്റെ രണ്ടാമൂഴം തകർത്ത 'മഹാപാപി'യെന്നു ഞാൻ മുദ്രകുത്തപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഹൃദയം തകർന്നു ഞാൻ മരിക്കുമായിരുന്നു. കാരണം പിണറായി സർക്കാറിന്റെ രണ്ടാംവരവ് അത്രമാത്രം ജനങ്ങൾ ആഗ്രഹിച്ചിരുന്നു'.
കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ ഹൈക്കോടതിയും സുപ്രിംകോടതിയും വിസമ്മതിച്ചതായി ജലീൽ ആരോപിച്ചു. 'ലോകായുക്ത പറഞ്ഞാൽ രാജിവയ്‌ക്കേണ്ട നിർബന്ധിതാവസ്ഥ ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് നിലനിൽക്കുന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പോലും ഇല്ലാത്ത അധികാരമാണത്. ഒരു സർക്കാറിനെ അസ്ഥിരപ്പെടുത്താൻ കേരള ലോകായുക്തക്ക് കഴിയും.... തല തിരിഞ്ഞവരുടെയും വൈരനിര്യാതന ബുദ്ധിയോടെ കാര്യങ്ങൾ നോക്കിക്കാണുന്നവരുടെയും കൈകളിൽ ഈ നിയമം അത്യന്തം അപകടരമായ ആയുധമാണ്' - അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര അന്വേഷണ ഏജൻസികൾ തനിക്കെതിരെ ഭൂതക്കണ്ണാടി വച്ച് അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും ജലീൽ പറഞ്ഞു. 'വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥർ വളാഞ്ചേരിയിലും പരിസരത്തും ദിവസങ്ങളോളം തമ്പടിച്ച് ഭൂതക്കണ്ണാടി വെച്ച് അരിച്ചുപെറുക്കി നോക്കി. ഒരു രൂപ പിഴ ചുമത്താനുള്ള കോപ്പ് പോലും അവർക്കു കിട്ടിയില്ല. എന്റെ പൊതുജീവിതത്തിന് ലഭിച്ച വലിയ അംഗീകാരമാണത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനത്തിനായി ഇടപെട്ടതാണ് ജലീലിന് വിനയായത്. തസ്തികയുടെ യോഗ്യത അദീബിന്റെ യോഗ്യതയ്ക്ക് അനുസൃതമായി മാറ്റാൻ മന്ത്രി നിർദേശിച്ചു എന്നതായിരുന്നു ആരോപണം. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി, സ്ഥാനത്ത് തുടരരുതെന്ന ലോകായുക്ത നിർദേശിക്കുകയായിരുന്നു. തുടർന്നായിരുന്നു രാജി. ഉത്തരവ് ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചിരുന്നു.