'ജലീലിനെ ചോദ്യം ചെയ്ത ഇ.ഡി പത്തരമാറ്റ് തങ്കം, രാഹുലിനെ ചോദ്യം ചെയ്താല്‍ ചപ്പിളിയായ പിച്ചള'; പരിഹാസവുമായി കെ.ടി ജലീല്‍
''ഇതെന്തു നീതി ഇതെന്തു ന്യായം, പറയട പറയട കോൺഗ്രസ്സേ, മൊഴിയട മൊഴിയട മുസ്‍ലിം ലീഗേ...''
നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനിടെ പരിഹാസവുമായി കെ.ടി ജലീല്‍. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പരിഹാസവുമായി കെ.ടി ജലീല്‍ എത്തിയത്. മുന്‍പ് തന്നെ ഇ.ഡി ചോദ്യം ചെയ്തപ്പോഴുണ്ടായിരുന്ന കോണ്‍ഗ്രസ് നിലപാടിനെ ട്രോളിക്കൊണ്ടായിരുന്നു കെ.ടി ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റ്.
ജലീലിനെ ചോദ്യം ചെയ്ത ഇ.ഡി പത്തരമാറ്റ് തങ്കവും രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി തനി ചപ്പിളിയായ പിച്ചളയാകുന്നതും എങ്ങനെയാണെന്ന് ചോദിച്ച ജലീല്‍ ഇതിലെവിടെയാണ് ന്യായവും നീതിയെന്നും പരിഹസിച്ചു.
നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ നിന്നു ലഭിച്ച ഖുറാൻ വിതരണത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി അന്നത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അന്ന് കോണ്‍ഗ്രസ് ഈ സംഭവത്തില്‍ ജലീലിനെ കടന്നാക്രമിച്ചിരുന്നു. അതാണ് ഇപ്പോള്‍ ജലീല്‍ ആയുധമാക്കിയത്.
കെ.ടി ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ജലീലിനെ ചോദ്യം ചെയ്ത ഇ.ഡി പത്തരമാറ്റ് തങ്കം.
രാഹുൽജിയെ ചോദ്യം ചെയ്ത ഇ.ഡി തനി ചപ്പിളിയായ പിച്ചള.
ഇതെന്തു നീതി ഇതെന്തു ന്യായം,
പറയട പറയട കോൺഗ്രസ്സേ,
മൊഴിയട മൊഴിയട
മുസ്ലിംലീഗേ
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ നിന്ന് പുറത്തിറങ്ങി. നാളെയും രാഹുൽഗാന്ധിയെ ചോദ്യം ചെയ്യും. ഇന്ന് പത്ത് മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇന്നലെ ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പൂർത്തിയായതോടെയാണ് ഇന്നും ചോദ്യംചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് രാഹുലെത്തിയത്.
അതിനിടെ, ഓഹരി വാങ്ങുന്നതിനായി കൊൽക്കത്തയിലുള്ള സ്വകാര്യ കമ്പനിയായ യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി ഇഡിയോട് വ്യക്തമാക്കി. സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഇഡിക്ക് മൊഴി നൽകി. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. ഇന്നും പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാഹുലിനെ അനുഗമിച്ച രൺദീപ് സുർജേവാല, കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജെബി മേത്തർ ഉൾപ്പെടെയുള്ള വനിതാ നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.