'സംഘികൾക്ക് കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് എനിക്കില്ല'; കൃഷ്ണരാജിനെതിരെ തുറന്നടിച്ച് കെ.ടി ജലീൽ

രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും തനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ലെന്ന് ജലീൽ

Update: 2022-06-12 17:30 GMT
Editor : afsal137 | By : Web Desk
Advertising

മലപ്പുറം: അഡ്വ: കൃഷ്ണരാജിനും സംഘികൾക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പിൽ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകനായ തനിക്കില്ലെന്ന് മുൻമന്ത്രി കെ.ടി ജലീൽ. ഖുർആന്റെ തൂക്കം പറഞ്ഞ് കുറേ കഥകൾ വേറെ മെനഞ്ഞുവെന്നും കണക്കിൽ പെടാത്ത ഒരു നയാപൈസയും താനെവിടെയും നിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം ഫേ്‌സ്ബുക്കിൽ കുറിച്ചു. കെ.ടി ജലീൽ എന്തൊക്കെ കുറ്റം ചെയ്തുവോ അതെല്ലാം ഉടൻ വെളിപ്പെടുത്തുമെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

മിസ്റ്റർ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ല. ഖുർആനിൽ സ്വർണ്ണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുർആന്റെ തൂക്കം പറഞ്ഞ് കുറേ കഥകൾ വേറെ മെനഞ്ഞു. ഖുർആൻ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാർത്തയാണ്. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വർണ്ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീർപ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തലുകളെന്ന് ജലീൽ ചോദിച്ചു. എന്തും പറഞ്ഞോളൂ. ഏത് ഏജൻസികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യൻ കിഴക്കുദിക്കുന്നെടത്തോളം തനിക്ക് എന്ത് ടെൻഷനാണുള്ളതെന്നും ജലീൽ ചോദിച്ചു.

''ഇലക്ട്രോണിക് യുഗമാണിത്. തെറ്റ് ചെയ്യാത്തവർക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല. ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നേ അതെല്ലാം നാട്ടിൽ പാട്ടാകുമായിരുന്നു. പലരെയും നിങ്ങൾ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകൾ കാട്ടിയാണ്. എനിക്ക് സംരക്ഷിക്കാൻ കോടികളുടെ ആസ്തിയില്ല. എന്റെ കയ്യിൽ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. പിന്നെ ഞാൻ എന്തിന് ടെൻഷൻ അടിക്കണം. ഞാനും കാത്തിരിക്കുകയാണ്. പലരെയും പോലെ ആ തമാശ കേൾക്കാൻ, ബാക്കി തമാശക്ക് ശേഷം''- കെ.ടി ജലീൽ വിശദമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News