'ഒരു വ്യക്തിയുടെ അബദ്ധം പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കുന്നത് വിവരക്കേട്'; അനിൽകുമാറിനെ തള്ളി ജലീൽ

''കേരളത്തിലെ 26% വരുന്ന മുസ്‌ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിനുപോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവർത്തകർക്കും സാഹിത്യ-കലാ-സാംസ്‌കാരിക നായകർക്കും പത്രമാധ്യമ പ്രവർത്തകർക്കും മത-സാമുദായിക നേതാക്കൾക്കുമില്ല.''

Update: 2023-10-02 11:11 GMT
Editor : Shaheer | By : Web Desk

അഡ്വ. കെ. അനില്‍കുമാര്‍, കെ.ടി ജലീല്‍

Advertising

കോഴിക്കോട്: മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സി.പി.എം നേതാവ് അഡ്വ. കെ. അനിൽകുമാറിന്റെ പ്രസ്താവന തള്ളി കെ.ടി ജലീൽ. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്‌ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീൽ പ്രതികരിച്ചു.

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോധ്യമില്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. സ്വന്തം നിരീക്ഷണങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതാണെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. വർഗീയമനോഭാവമുള്ളവരും രാഷ്ടീയവൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും. വിദ്യാഭ്യാസമുള്ള, തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടന എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം. മലപ്പുറത്തുനിന്നു വരുന്ന പുതിയ പെൺകുട്ടികളെ കാണണം. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്. സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സെൻസിനോടല്ല, മാർക്സിസ്റ്റ് പാർട്ടിയോടാണ്. ഒരു യുക്തിവാദപ്രസ്ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നതെന്നും അനിൽകുമാർ പറഞ്ഞു.

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും.

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്‌ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പർദ്ദയിട്ട മുസ്‌ലിം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സി.പി.ഐ(എം). സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ട. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റുവെന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല.

ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജൽപ്പനങ്ങൾ മുസ്‌ലിംലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോർജിനെതിരെ കെ.എം ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകൾ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ. അനിൽകുമാറിന്റെ അഭിപ്രായം സി.പി.ഐ.എമ്മിന്റേതുമല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവർക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്‌ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിനുപോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവർത്തകർക്കും സാഹിത്യ-കലാ-സാംസ്‌കാരിക നായകർക്കും പത്രമാധ്യമ പ്രവർത്തകർക്കും മത-സാമുദായിക നേതാക്കൾക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകൾ പലപ്പോഴും സംഭവിക്കുന്നത്. അവർ ഏത് രാഷ്ട്രീയചേരിയിൽ പെട്ടവരാണെങ്കിലും ശരി.

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ തന്റെ നിരീക്ഷണങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതാണെന്ന് വ്യങ്ങ്യമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കിൽ വർഗീയമനോഭാവമുള്ളവരും രാഷ്ടീയവൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും.

എന്റെ സുഹൃത്തും സി.പി.ഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമായ എ.എം ആരിഫ് എം.പിയുടെ വന്ദ്യ മാതാവ് ഒരാഴ്ചമുൻപാണു മരണപ്പെട്ടത്. ഞാൻ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കളുള്ള നാടാണ് കേരളം. ബഹുജന പാർട്ടിയാണ് സി.പി.ഐ(എം).

Full View

അതുമറന്ന് ചില തൽപരകക്ഷികൾ അഡ്വ. അനിൽകുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സി.പി.ഐ.എമ്മിന്റേതാണെന്നു വരുത്തിത്തീർത്ത് വിശ്വാസികളായ മുസ്‌ലിം വിഭാഗത്തിനിടയിൽ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേർന്നതല്ല.

ഞങ്ങളുടെ മകൾ സുമയ്യ ബീഗം എം.ബി.ബി.എസ് പൂർത്തിയാക്കി ഡോക്ടറായി. അന്തമാനിലെ പോർട്ട്ബ്ലയറിലെ കേന്ദ്രസർക്കാർ മെഡിക്കൽ കോളജിലാണ് അവൾ പഠിച്ചത്. നല്ല മാർക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ 'ഫെയർവെൽ സെറിമണി'യിൽ പങ്കെടുക്കാനുമാണ് പോർട്ട്ബ്ലയറിൽ എത്തിയത്. ചടങ്ങിൽ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവൾ പുരോഗമന ചിന്തയിൽ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള, തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.

Summary: KT Jaleel rejects CPM leader Adv K Anilkumar's statement that it is the achievement of the Communist Party that there are girls who refuse to wear headscarves in Malappuram.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News