കെ.ടി.യു താല്‍ക്കാലിക വിസി നിയമനം: സര്‍ക്കാറിനും ഗവര്‍ണര്‍ക്കും ഇന്ന് നിര്‍ണായകം
സിസ തോമസിന്‍റെ നിയമനം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനത്തില്‍ സര്‍ക്കാറിനും ഗവര്‍ണര്‍ക്കും ഇന്ന് നിര്‍ണായകം. സിസ തോമസിന്‍റെ നിയമനം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഉച്ചക്ക് 1.45ന് വിധി പറയും. നിയമനം ചട്ടങ്ങള്‍ പാലിച്ചല്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.
സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസി നിയമനം നടത്തിയപ്പോള്‍ സര്‍ക്കാറുമായി കൂടിയാലോചിച്ചില്ലെന്നാണ് എജി ഗോപാലകൃഷ്ണ കുറുപ്പ് ഹൈക്കോടതിയില്‍ വാദിച്ചത്. കെടിയു ചട്ടപ്രകാരം സര്‍ക്കാര്‍ ശിപാര്‍ശയിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ രണ്ട് പേരുകള്‍ ശിപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സര്‍ക്കാര്‍ വാദിച്ചു. മാത്രമല്ല സിസ തോമസിന് മതിയായ അധ്യാപന പരിചയമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രോ വിസിക്ക് ചുമതല നല്‍കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്ക് യോഗ്യത ഇല്ലാത്തതിനാലാണ് സ്വന്തം നിലയില്‍ യോഗ്യതയുള്ള ആളെ പരിഗണിച്ചതെന്ന് ഗവര്‍ണറും വാദിച്ചു.
സിസ തോമസിനെ നിയമിച്ചത് സദുദ്ദേശ്യത്തോടെയാണെന്നും യുജിസി ചട്ടപ്രകാരം സിസ തോമസിന് യോഗ്യത ഉണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പ്രോവിസിക്ക് ചുമതല നല്‍കുന്നത് സാങ്കേതികമായി തെറ്റാണെന്ന് യുജിസിയും കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ ഒരു ദിവസമാണെങ്കിലും അഞ്ച് വര്‍ഷമാണെങ്കിലും വിസി കസേരയില്‍ ഇരിക്കുന്ന ആള്‍ക്ക് യോഗ്യത വേണമെന്നാണ് ഹൈക്കോടതി നിലപാട്. സിസ തോമസെന്ന പേരിലേക്ക് എങ്ങനെ എത്തി എന്നതില്‍ ചാന്‍സലറായ ഗവര്‍ണര്‍ കൃത്യമായ മറുപടി ഹൈക്കോടതിയില്‍ നല്‍കിയിട്ടില്ല.