കെ.ടി.യു വി.സി നിയമനം: ഗവർണർ സുപ്രിംകോടതിയിലേക്ക്
കെ.ടി.യു വി.സി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹരജി കഴിഞ്ഞ ദിവസം ജസ്റ്റിസുമായി എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു.
ന്യൂഡൽഹി: സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ സുപ്രിംകോടതിയെ സമീപിക്കും. മുൻ വി.സി ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിയ വിധിയിൽ വ്യക്തത തേടിയാണ് ഗവർണർ സുപ്രിംകോടതിയിൽ ഹരജി നൽകുന്നത്. ഗവർണർക്കായി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി ഹാജരാകുമെന്നാണ് റിപ്പോർട്ട്.
കെ.ടി.യു വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയിൽ തുടർനടപടികൾ വിശദീകരിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് പുതിയ വി.സി നിയമനവുമായി സർക്കാർ സഹകരിക്കുന്നില്ലെന്നാണ് ഗവർണറുടെ നിലപാട്. ഇത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വി.സി നിയമനം റദ്ദാക്കിയ വിധിയിൽ സ്വീകരിക്കേണ്ട തുടർനടപടികളിൽ വ്യക്തത തേടി ഗവർണർ വീണ്ടും സുപ്രിംകോടതിയെ സമീപിക്കുന്നത്.
കെ.ടി.യു വി.സി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹരജി കഴിഞ്ഞ ദിവസം ജസ്റ്റിസുമായി എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കം.