ഇലഞ്ഞിത്തറയിൽ മേളം പുരോഗമിക്കുന്നു: കുടമാറ്റം കാത്ത് പൂരനഗരി
തെക്കോട്ടിറക്കത്തിന് ശേഷം അഞ്ചു മണിയോടെയാവും കുടമാറ്റം
തൃശൂർ: മേളപ്പെരുക്കത്തിൽ പൂരനഗരി. ഇലഞ്ഞിത്തറ മേളം പുരോഗമിക്കുമ്പോൾ ആവേശക്കൊടുമുടിയിലാണ് നാടും നഗരവും. 250 കലാകാരന്മാരാണ് മേളത്തിൽ പങ്കെടുക്കുന്നത്. കിഴക്കൂട്ട് അനിയൻ മാരാർ ആണ് മേളപ്രമാണി. നാലു മണിക്ക് തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റം ആരംഭിക്കുക.
2.30ഓടെയാണ് മേളം ആരംഭിച്ചത്. മേളത്തിന് ശേഷമാണ് പ്രസിദ്ധമായ തെക്കോട്ടിറക്കം. പാറമേക്കാവ് ഭാഗത്തിന്റെയും തിരുവമ്പാടിയുടെയും 15ആനകൾ വീതം തെക്കേ ഗോപുരം വഴി പുറത്തേക്ക് കടക്കുന്നതാണ് ചടങ്ങ്. ശേഷം ഇരുകൂട്ടരും മുഖാമുഖം നിലയുറപ്പിക്കും. അതിനുശേഷമാണ് കുടമാറ്റം. ഇരുകൂട്ടരും 50 സെറ്റുകൾ വീതം സാധാരണ കുടകളും 10 സ്‌പെഷ്യൽ കുടകളും ഉയർത്തും. ഏത് തരത്തിലുള്ള കുടയാണ് പൂരപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. മഠത്തിൽവരവ് പഞ്ചവാദ്യം നേരത്തേ പൂർത്തിയായിരുന്നു. തിടമ്പേറ്റി തെച്ചിക്കോട്ട് രാമചന്ദ്രൻ ഗോപുരനട കടന്നെത്തിയത് പൂരപ്രേമികളിൽ ഇരട്ടി ആവേശമാണ് നിറച്ചത്. കുടമാറ്റത്തിനും മറ്റ് ചടങ്ങുകൾക്കും ശേഷം പുലർച്ചെ മൂന്ന് മണിക്ക് നടക്കുന്ന വെടിക്കെട്ടോടെ ഈ വർഷത്തെ പൂരം കൊടിയിറങ്ങും.
വിദേശികളടക്കം വടക്കുംനാഥന്റെ സന്നിധിയിലേക്ക് ഒഴുകുന്ന കാഴ്ചയ്ക്കാണ് പൂരനഗരി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ തിരക്കിനെ കടത്തി വെട്ടിയാണ് ഇത്തവണത്തെ തിരക്ക്. ഉച്ചയ്ക്ക് ശേഷം വലിയ രീതിയിലാണ് തിരക്ക് വർധിച്ചത്. അനുകൂല കാലാവസ്ഥയായതിനാൽ ചടങ്ങുകൾ കൃത്യസമയത്ത് തന്നെ നടക്കുമെന്നാണ് പ്രതീക്ഷ.