ലൗ ജിഹാദിന് തെളിവുണ്ട്; വിഎസ് അതു പറഞ്ഞു, പിണറായി കള്ളം പറയുന്നു: കുമ്മനം
ആ പ്രസ്താവന വിഎസ് ഇതുവരെ തിരുത്തിയിട്ടില്ല
മലപ്പുറം: ലൗ ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറയുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒട്ടേറെ തെളിവുകൾ സ്വന്തം മേശപ്പുറത്തുണ്ടായിട്ടും മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ് എന്നാണ് കുമ്മനത്തിന്‍റെ ആരോപണം.
മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൽ മലപ്പുറം തുവ്വൂരിൽ മലബാർ കലാപരക്തസാക്ഷി അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലവ് ജിഹാദ് ഉണ്ടെന്ന യാഥാർത്ഥ്യം പറയാൻ മുഖ്യമന്ത്രിയായപ്പോൾ വിഎസ് അച്യുതാനന്ദൻ തയ്യാറായി. ആ പ്രസ്താവന വിഎസ് ഇതുവരെ തിരുത്തിയിട്ടില്ല. എന്നാൽ പിണറായി വിജയൻ ഇപ്പോൾ കള്ളം പറയുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ ബിഷപ്പ് പറഞ്ഞതിനെ സാമൂഹ്യ തിൻമയായി കാണാതെ അതിലെ ആശങ്ക തിരിച്ചറിയണം. അല്ലാതെ ബിഷപ്പിനെ കൂട്ടം ചേർന്ന് അക്രമിക്കുകയല്ല ചെയ്യേണ്ടത്. തീവ്രവാദം എവിടെ ആയാലും തീവ്രവാദമാണ്. അതിന് മതമില്ല. അതിനെ മതത്തിന്റെ ചട്ടക്കൂടിൽ വെച്ച് സംരക്ഷിക്കുന്നവർ നാടിന്റെ ശത്രുക്കളാണ്.'- കുമ്മനം പറഞ്ഞു.
2010 ല്‍ വിഎസ് പറഞ്ഞത്
'20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്‌ലിം രാജ്യമാകും. മുസ്‌ലിം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്. പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മറ്റു സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക, ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി''- എന്നായിരുന്നു വിഎസിന്റെ വാക്കുകൾ.
മുഖ്യമന്ത്രിയായിരുന്ന വേളയിൽ 2010 ഒക്ടോബർ 24ന് ഡൽഹിയിൽ വച്ചുനടന്ന ഒരു യോഗത്തിലാണ് വിഎസ് ഈ പ്രസ്താവന നടത്തിയത്.