കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; ഷെഡ് പ്രവര്‍ത്തിച്ചിരുന്നത് പുറമ്പോക്കിലെന്ന് റിപ്പോര്‍ട്ട്
അനുമതിയില്ലാത്ത ഷെഡ്ഡിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്നും ജില്ലാ കലക്ടര്‍ക്ക് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു
തൃശൂര്‍: കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം നടന്ന ഷെഡ് പ്രവര്‍ത്തിച്ചിരുന്നത് പുറമ്പോക്കിലെന്ന് ഡെപ്യൂട്ടി കലക്ടറുടെ റിപ്പോർട്ട്. അനുമതിയില്ലാത്ത ഷെഡ്ഡിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്നും ജില്ലാ കലക്ടര്‍ക്ക് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു.
പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായാണ് അപകടം നടന്ന വെടിക്കെട്ട് പുര പ്രവർത്തിച്ചിരുന്നതെന്ന റിപ്പോർട്ടാണ് ഡെപ്യൂട്ടി കലക്ടര്‍ യമുനദേവി കളക്ടർക്ക് നൽകിയത്. അനുവദനീയമായ 15 കിലോയിൽ അധികം വെടിമരുന്ന് ഷെഡിൽ സൂക്ഷിച്ചിരുന്നു. പരിസര പ്രദേശത്ത് സൂക്ഷിച്ച വെടിമരുന്ന് ശേഖരം കണ്ടെത്തിയിട്ടുണ്ട്. പെട്രോളിയം ആന്‍റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അഥവാ പെസൊയുടെ പരിശോധന റിപ്പോർട്ട് കൂടി പരിഗണിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കും.
വെടിക്കെട്ട് പുരക്ക് തീ പിടിച്ചപ്പോൾ അണക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മണികണ്ഠന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ശരീരമാസകലം പൊള്ളാലേറ്റിരുന്നു. വെടിക്കെട്ട്പുരയുടെ ഉടമ ശ്രീനിവാസന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. സമീപ പ്രദേശത്തെ നാശനഷ്ടം വിലയിരുത്തിയ റവന്യൂ സംഘം ഇക്കാര്യവും പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.