'ഒരു വടി വീണു കിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല': സമസ്തയെ തള്ളിപ്പറയാതെ കുഞ്ഞാലിക്കുട്ടി
ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഒരു വടി വീണുകിട്ടിയെന്നു കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്തയ്‌ക്കെതിരായ പ്രചാരണങ്ങൾ പരിധി വിടുന്നുവെന്നും ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്‌ലിയാർ വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മലപ്പുറം രാമപുരത്ത് നടന്ന ചടങ്ങിൽ വേദിയിൽ പെൺകുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി. അബ്ദുല്ല മുസ്ലിയാർ പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിറകെ അദ്ദേഹത്തിനെതിരെ വ്യാപകമായി വിമർശനമുയരുകയും ചെയ്തു. വേദിയിലെ പെൺവിലക്കിൽ വിശദീകരണവുമായി പിന്നീട് സമസ്ത നേതാക്കൾ രംഗത്തു വന്നിരുന്നു. എം.ടി അബ്ദുല്ല മുസ്ലിയാരുടെ പ്രകൃതം അങ്ങനെയാണെന്നും സ്ത്രീകളുമായി ഇടപഴകുന്ന രീതി തങ്ങൾക്കില്ലെന്നുമായിരുന്നു സമസ്ത നേതാക്കളുടെ വിശദീകരണം. പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
കേസ് സ്വാഭാവിക നടപടി മാത്രമാണെന്നും സമസ്ത നേതാക്കൾ കൂട്ടിച്ചേർത്തു. സംഭവത്തിൽ പെൺകുട്ടിക്കോ കുടുംബത്തിനോ പരാതിയില്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു. വിഷയത്തെ ജിഫ്രി മുത്തുക്കോയ തങ്ങൾ ലളിതമാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് നേതാക്കളുടെ വാക്കുകൾ എല്ലാം വേദിയിലെ പെൺവിലക്കിനെ പൂർണമായും ന്യായീകരിക്കുന്നത് തന്നെയായിരുന്നു. മുതിർന്ന പെൺകുട്ടികളെ പൊതുവേദികളിൽ വിളിച്ചിരുത്തി ആദരിക്കുന്ന രീതി സമസ്തയ്ക്കില്ല. കാലാകാലങ്ങളായി സമസ്ത പിന്തുടരുന്ന നടപടിയാണത്, അതിൽ മാറ്റമില്ല.
മുതിർന്ന പെൺകുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അവരെ ആദരിക്കുമ്പോൾ അവർക്കുണ്ടാകുന്ന ലജ്ജ ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ട്. അവർ അതിൽ പീഡിതരാവുകയാണ്. അങ്ങനെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തുമ്പോൾ അത് വേണ്ട എന്നതാണ് സമസ്തയുടെ നിലപാടെന്ന് നേതാക്കന്മാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ എപ്പോഴും പുരുഷന്മാരാൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും സമസ്ത നേതാക്കൾ ചൂണ്ടിക്കാട്ടി.
സമസ്ത വിഷയത്തിൽ വലിയ വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറിയ കുഞ്ഞാലിക്കുട്ടി തൃക്കാക്കരയിൽ യു.ഡി.എഫ് ഭൂരിപക്ഷം കൂടുമെന്ന് പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ വ്യവസ്ഥയാണ് നിലനിൽക്കുന്നത്. കെ.വി തോമസിനെ പോലുള്ളവർ ഇപ്പോൾ പാർട്ടി വിടുന്നത് ശരിയാണോ എന്ന് അദ്ദേഹം ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.