കുഞ്ഞാലിമരക്കാർ; അറബിക്കടൽ പറങ്കിച്ചോരകൊണ്ടു ചുവപ്പിച്ചവര്‍

'പോർച്ചുഗീസ് സാമ്രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ ശത്രു' എന്നാണ് മുഹമ്മദ് അലി മരക്കാരെ പോർച്ചുഗീസ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നത്.

Update: 2021-12-01 14:15 GMT
Editor : abs | By : Web Desk
Advertising

 ഇന്ത്യൻ നാവികയുദ്ധ ചരിത്രത്തിന് പോർച്ചുഗീസ്- കുഞ്ഞാലിമരക്കാര്‍ പോരാട്ടം എന്ന പേരുകൂടിയുണ്ട്. അറബിക്കടലിൽ രക്തംകൊണ്ടു ചരിതം രചിച്ചവരായിന്നു കുഞ്ഞാലിമാർ കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകൻമാരായിരുന്നു. 1498 ൽ ഇന്ത്യയിലെത്തിയ പറങ്കിപ്പടയുമായി ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചവർ. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തതും ഇവരായിരുന്നു.

മുഹമ്മദ് കുഞ്ഞാലി മരക്കാര്‍ (കുട്ടിആലി)യാണ് ഒന്നാം മരക്കാറായി അറിയപ്പെടുന്നത്. അതിബുദ്ധിമാനും പോരാളിയും കടലിൽ ഗറില്ലാ യുദ്ധ രീതിയിലൂടെ ഇദ്ദേഹം പോർച്ചുഗീസുകാർക്ക് തലവേദനയായി. പോർച്ചുഗീസുകാരുടെ അധിനിവേശ പ്രദേശങ്ങളെ അക്രമിക്കുന്നതിൽ അഗ്രകണ്യനായിരുന്നു കുട്ടി അഹമ്മദ് അലി മരക്കാർ എന്ന കുഞ്ഞാലിമരയ്ക്കാർ രണ്ടാമൻ. പട്ടു മരക്കാർ എന്ന പട മരക്കാർ (കുഞ്ഞാലി മരക്കാർ മൂന്നാമൻ) ആണ് യഥാർത്ഥത്തിൽ 'അറബിക്കടലിൻറെ സിംഹം' എന്ന അപരനാമത്തിൽ അറിയപ്പെട്ടത്. രക്തസാക്ഷിത്വം വരിക്കാതെ സ്വാഭാവിക മരണം പ്രാപിച്ച ഒരേയൊരു കുഞ്ഞാലി മരക്കാർ കൂടിയാണ് ഇദ്ദേഹം.




കുഞ്ഞാലി നാലാമൻ (മുഹമ്മദ് മരക്കാര്‍)

1595-ൽ മുഹമ്മദ് മരയ്ക്കാർ (കുഞ്ഞാലി നാലാമൻ) കോട്ടയ്ക്കൽകോട്ടയുടെ അധിപനും സാമൂതിരിയുടെ നാവിക പടത്തലവനുമായി. തന്റെ മുൻഗാമിയും രാജ്യത്തിന്റെ കാവൽഭടനുമായ കുഞ്ഞാലി മൂന്നാമന്റെ പാത പിന്തുടർന്നു. 'പോർച്ചുഗീസ് സാമ്രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ ശത്രു' എന്നാണ് മുഹമ്മദ് അലി മരക്കാരെ പോർച്ചുഗീസ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നത്. പോരാട്ട വീര്യത്തിൽ അതികേമനായതോടെ യൂറോപ്പിലും, അറബ് നാടുകളിലും, കിഴക്കൻ ഏഷ്യയിലും പ്രചരിച്ച വാമൊഴികളിലൂടെ വീരപരിവേഷമുള്ള പോരാളിയായി കുഞ്ഞാലി നാലാമൻ മാറി.

സാമൂതിരിയുമായി ഭിന്നതയും യുദ്ധവും

സാമൂതിരി പോർച്ചുഗീസ് ശക്തിയുമായി സൗഹൃദം ഉറപ്പിക്കുന്നതിനോട് കുഞ്ഞാലി വിയോജിച്ചു. സാമൂതിരി- കുഞ്ഞാലിമാരെ ഭിന്നിപ്പിക്കാനുള്ള ശ്രമം കുഞ്ഞാലി മൂന്നാമൻറെ കാലത്തെ പോർച്ചുഗീസ് ആരംഭിച്ചിരുന്നു. കുഞ്ഞാലിയുമായി പിണങ്ങിയ സാമൂതിരി 1597-ൽ പോർച്ചുഗീസുകാരുമായി ഒരു കരാറുണ്ടാക്കി. 1599-ൽ പോർച്ചുഗീസുകാരും സാമൂതിരിയും ഒരു വലിയ സൈന്യത്തെ ഒരുക്കി കുഞ്ഞാലിക്കെതിരെ യുദ്ധം ആരംഭിച്ചു. കുഞ്ഞാലിമരക്കാർ ആക്രമണത്തെ ധീരമായി നേരിട്ടു. ഇരുപതിനായിരം നായർ പടയും ആയിരത്തിലധികം പറങ്കി പടയും ചേർന്നാണ് കരയുദ്ധം നയിച്ചത്. പീരങ്കികൾ ഉപയോഗിക്കാതെ ബലപ്രയോഗത്തിലൂടെ നായർ പടയെ തുരത്തിയോടിച്ച കുഞ്ഞാലി നാലാമൻ ആ ദയ പറങ്കികളോട് കാട്ടിയില്ല. കരയുദ്ധം നയിച്ച പറങ്കി സൈനികരിൽ ഭൂരിഭാഗവും മരയ്ക്കാർ പടയാൽ കൊല്ലപ്പെട്ടു.


കോഴിക്കോട് സാമൂതിരിയുടെ കൊട്ടാരത്തിൽ വാസ്‌കോ ഡ ഗാമ- പെയിന്‍റിങ് 


അവസാന യുദ്ധവും കീഴടങ്ങലും

1600 മാർച്ച് 7-ന് പോർച്ചുഗീസ്-സാമൂതിരി സംയുക്തസൈന്യം മരക്കാര്‍ കോട്ട വളഞ്ഞു. തന്റെ രാജാവായ സാമൂതിരിക്ക് ഉടവാൾ അടിയറവെക്കാമെന്നും തന്റെ ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയാൽമതിയെന്നുമുള്ള കുഞ്ഞാലിയുടെ അപേക്ഷ അംഗീകരിക്കാനും രേഖാമൂലം ഇക്കാര്യം സമ്മതിക്കാനും സാമൂതിരി തയ്യാറായി. മാർച്ച് 16-ന് കോട്ടയ്ക്കു പുറത്തുവന്ന് സാമൂതിരിക്കു കീഴടങ്ങാൻ കുഞ്ഞാലി തയ്യാറായി. സാമൂതിരിയുടെ മുൻപിൽ വാൾ സമർപ്പിച്ച് വിനയപൂർവം കുഞ്ഞാലി സാമൂതിരിക്ക് മുമ്പിൽ വാൾ സമർപ്പിച്ച് കീഴടങ്ങി. നിരായുധനും ക്ഷീണിതനായ 'കുഞ്ഞാലിയെ' അഡ്മിറൽ ഫുർട്ടാഡോ പിന്നിലൂടെ പൂട്ടിട്ടു പിടിച്ചു, വഞ്ചിക്കപെട്ടിട്ടും കുഞ്ഞാലി നിലവിട്ടു പെരുമാറിയില്ല, പോർച്ചുഗീസ് തോക്കിൻ വലയത്തിൽ അകപ്പെടുമ്പോൾ നിറഞ്ഞ കണ്ണുകളോടെ പടനായകൻ തൻറെ രാജാവിനെ അവസാനമായി ഒന്ന് നോക്കി.

വധശിക്ഷ

അതി ക്രൂരമായ പീഡനങ്ങളായിരുന്നു കുഞ്ഞാലിക്ക് തടവറയിൽ നേരിടേണ്ടി വന്നത്. പീഡനങ്ങളെ അസാമാന്യ മനഃ സംയമനത്തോടെ നേരിട്ട മരക്കാരിനെ മാനസികമായി പീഡിപ്പിക്കാനും പറങ്കികൾ ആവോളം ശ്രമിച്ചിരുന്നു. ശിക്ഷദിനം വന്നു. രാവിൽ ഉറക്കമൊഴിഞ്ഞു സമ്പൂർണ്ണ പ്രാർത്ഥനയിൽ മുഴുകി അനിവാര്യമായ മരണത്തെ വരവേൽക്കാൻ കുഞ്ഞാലി തയ്യാറെടുത്തു. പോർച്ചുഗീസ് ഗോവയ്ക്ക് അന്ന് സമ്പൂർണ്ണ അവധിയായിരുന്നു, ഉത്സവമെന്ന പോലെ തെരുവുകൾ അലങ്കരിക്കപ്പെട്ടു. പുതു പുത്തൻ വസ്ത്രങ്ങളണിഞ്ഞും വാദ്യോപകരണങ്ങളേന്തിയും ആഘോഷ നാളിനെ അനുസ്മരിപ്പിക്കും വിധത്തിൽ ആബാല വൃദ്ധം ജനങ്ങൾ മൈതാനത്തേക്കൊഴുകി.

പ്രത്യേകം സജ്ജമാക്കിയ കവാടത്തിലൂടെ ചങ്ങലകളിൽ ബന്ധിതനായി കുഞ്ഞാലി ആനയിക്കപ്പെട്ടു, പിന്നിൽ സമാനമായി ചിന്നാലി അടക്കമുള്ള മരക്കാര്‍ പടയാളികളും. ഉയർന്നു വീണ മൂർച്ചയേറിയ കാരിരുമ്പ് കഴുത്ത് കണ്ടിച്ചു ശിരസ്സും ദേഹവും രണ്ടാക്കി മാറ്റി. പിന്നാലെ കുഞ്ഞാലിയുടെ മരുമകനും, ചിന്നാലിയുൾപ്പെടയുള്ള 40 വീര സൈനികരും തങ്ങളുടെ സേനാധിപൻറെ മാർഗ്ഗത്തിൽ തല വേർപെട്ട് മൈതാനങ്ങളിൽ പിടഞ്ഞു വീണു. ചേതനയറ്റ കുഞ്ഞാലി നാലാമൻറെ മൃതശരീരം കണ്ടിട്ടും പറങ്കികളുടെ രോഷം ശമിച്ചില്ല. ക്രോധം തീർക്കാൻ മൃതദേഹം അവർ നാലാക്കി അറുത്തു മാറ്റി. കൈകാലുകളും, ചീന്തിയ ശരീരവും ശൂലത്തിന്മേൽ കോർത്ത് തൂക്കി. തല ഉപ്പിലിട്ടു കണ്ണൂരിലേക്കയച്ചു.

 കുഞ്ഞാലി മരക്കാർ സ്മാരകവും മ്യൂസിയവും- കോഴിക്കോട്


'നെഞ്ചിലും കിത്താബിലും ശ്വാസവും വിശ്വാസവു-

മിഞ്ചുമ്പോൾ ചതിക്കില്ല മാപ്പിള കുഞ്ഞാലിമാർ'

-എം ഗോവിന്ദൻ

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News