കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഊട്ടിയുറപ്പിച്ച് ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പ്; വിമത നീക്കങ്ങൾക്ക് തിരിച്ചടി
മുസ്‌ലിം ലീഗ് എന്നാൽ കുഞ്ഞാലിക്കുട്ടിയാണെന്ന സമവാക്യത്തിന് ശക്തി കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഇന്നലെ നടന്ന സംസ്ഥാന കൗണ്‌സിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും.
കോഴിക്കോട്: പാർട്ടിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഊട്ടിയുറപ്പിച്ചാണ് മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായത്. ഇ.ടി മുഹമ്മദ് ബഷീർ മുതൽ കെ.എം ഷാജിവരെ എം.കെ മുനീറിനായി വാദിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി നിർദേശിച്ച പി.എം.എ സലാമിലേക്കാണ് ജനറൽ സെക്രട്ടറി സ്ഥാനം എത്തിയത്. ലീഗിലെ വിമത നീക്കങ്ങൾക്ക് തിരിച്ചടി കൂടിയായി പുനഃസംഘടന.
ഒരു വശത്ത് ഇ.ടി മുഹമ്മദ് ബഷീർ, കെ.എം ഷാജി, പി.വി അബ്ദുല് വഹാബ്, കെ.പി.എ മജീദ് തുടങ്ങിവർ എം കെ മുനീറിനായി ഒരു വശത്ത്, പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ താരതമ്യേന ദുർബലനെന്ന് പറയാവുന്ന പി.എം.എ സലാമിനായും വാദിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് തോന്നിപ്പിച്ചെങ്കിലും ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ ചേരുന്നതിന് മുമ്പെ തന്നെ ചിത്രം വ്യക്തമായിരുന്നു. കൗൺസിലിന് മുമ്പെ ചേർന്ന ഉന്നതാധികാര സമിതിയിൽ സാദിഖലി തങ്ങൾ പി.എം.എ സലാമിന്റെ പേര് വായിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിക്കാനുണ്ടായത് മുനീറും കെ.എം ഷാജിയും മാത്രമായിരുന്നു. ഒപ്പമുണ്ടായിരുന്ന പലരും നിശബ്ദത പാലിച്ചതോടെ മുനീറിനും ഷാജിക്കും പിന്മാറേണ്ടിവന്നു.
മുസ്‌ലിം ലീഗ് എന്നാൽ കുഞ്ഞാലിക്കുട്ടിയാണെന്ന സമവാക്യത്തിന് ശക്തി കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഇന്നലെ നടന്ന സംസ്ഥാന കൗണ്‌സിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും. സ്വതന്ത്ര്യ നിലപാടെടുക്കുമെന്ന് കരുതിയിരുന്ന സാദിഖലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനൊപ്പം നിന്നതാണ് മുനീർ പക്ഷത്തെ ഏറെ നിരാശപ്പെടുത്തിയത്. ജില്ലാ തെരഞ്ഞെടുപ്പിൽ കുറച്ചൊക്കെ ശക്തികാണിക്കാൻ കഴിഞ്ഞിരുന്ന മുനീർ-ഷാജി പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പത്തിമടക്കേണ്ട അവസ്ഥയിലാണ്. ആക്ടിങ് ജനറൽ സെക്രട്ടറിയായിരുന്ന പി.എം.എ സലാം ഭരണഘടന പാലിച്ച് നടത്തിയ തെരഞ്ഞെടുപ്പിലൂടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത് എതിർ വിഭാഗത്തിന് നൽകിയ ആഘാതം ചെറുതല്ല. പെട്ടൊന്നൊരു കരുനീക്കത്തിന് കഴിയാത്ത വിധം ദുർബലമായ അവസ്ഥയിലാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷം.