പൈസയില്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയത്... വെറുതെ തല്ലിപ്പൊളിച്ചു; പണം കിട്ടാത്തതിന്റെ അരിശത്തിൽ കത്തെഴുതി കള്ളൻ
വിരലടയാള വിദഗ്ധരടക്കം സ്ഥാപനങ്ങളിൽ പരിശോധന നടത്തി
തൃശൂർ: കുന്നംകുളത്തെ മൂന്നു വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. അരിമാർക്കറ്റിനുള്ളിലെ രണ്ട് വ്യാപാരസ്ഥാപനങ്ങളിൽ നിന്നായി പതിമൂന്നായിരം രൂപയാണ് കവർന്നത്. ഒരു കടയിൽ നിന്ന് ഒരു ജോഡി വസ്ത്രം മാത്രമാണ് കവർന്നത്. ഇവിടെ നിന്നും പണം കിട്ടാത്തതിന്റെ അരിശത്തിൽ മോഷ്ടാവ് പുറത്ത് ഒരു കുറിപ്പും എഴുതിവച്ചാണ് മടങ്ങിയത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കുന്നംകുളം അരിമാർക്കറ്റിനുള്ളിലെ ബൈജു ആർക്കേഡ് ഷോപ്പിംഗ് കോംപ്ലക്സിൽ മോഷണം നടന്നത്. രണ്ട് കടകളിൽനിന്നായി പതിമൂന്നായിരം രൂപ കവർന്നു. ഏറ്റവുമൊടുവിൽ കേച്ചേരി സ്വദേശിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കയറിയ കള്ളൻ മൊത്തം തപ്പി. എന്നാൽ ഒരു രൂപ പോലും കിട്ടിയില്ല. ചില്ലുതകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഒന്നുംകിട്ടാത്തതിന്റെ അരിശത്തിൽ ഗ്ലാസ് ഡോറിന്റെ അവശിഷ്ടത്തിൽ ഇങ്ങനെയൊരു കുറിപ്പെഴുതി. പൈസയില്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയത്. വെറുതെ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു.
മോഷ്ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നാട്ടിലെ പതിവുകള്ളൻമാരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.