'കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ വര്‍ധിപ്പിക്കും'; കൂടുതൽ നിയമനങ്ങൾ നടത്തുമെന്ന് വീണാജോർജ്
20 സുരക്ഷാ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ നിയമനങ്ങൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി 20 സുരക്ഷാ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിച്ചു. നിയമനം നടത്തുന്നതോടെ സുരക്ഷ പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുമെന്നും മന്ത്രി പറഞ്ഞു.
മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് അടുത്തിടെ നിരവധി അന്തേവാസികൾ ചാടിപ്പോയത് ഏറെ വിവാദമായിരുന്നു. സുരക്ഷവീഴ്ചമുതലെടുത്താണ് പലരും രക്ഷപ്പെട്ടിരുന്നത്. കൊലക്കേസ് പ്രതി രണ്ടുദിവസം മുമ്പാണ് ഇവിടെ നിന്ന് ചാടിപ്പോയത്. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.കേന്ദ്രത്തിലെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ച കാരണമാണ് പ്രതി രക്ഷപ്പെട്ടതെന്ന് കമ്മീഷൻ പ്രാഥമികമായി വിലയിരുത്തിയത്.