കുതിരവട്ടത്ത് സുരക്ഷാവീഴ്ച; ദൃശ്യ കൊലക്കേസ് പ്രതി ചാടിപ്പോയി
ചാടിപ്പോയ ആളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതിയാണ് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയത്. ഇയാളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഫോറൻസിക് വാർഡിലുണ്ടായിരുന്ന മഞ്ചേരി സ്വദേശിയായ കൊലക്കേസ് പ്രതിയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയത്. ഇന്നലെ രാത്രി അന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയതിനെ തുടർന്ന് അഗ്നിശമനസേന മാനസികാര്യരോഗ കേന്ദ്രത്തിലെത്തിയിരുന്നു. ആ സമയത്ത് സെല്ലുകൾ തുറന്നപ്പോഴാകാം ഇയാൾ രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥർ ഇയാളെ കാണാനില്ലെന്ന് അറിയുന്നത് ഇന്ന് രാവിലെയാണ്. ചാടിപ്പോയ ആളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു.
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതിയായ ഇയാളെ മാനസികാസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ മാസം 27നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കുതിരവട്ടത്തേക്ക് മാറ്റിയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആറു മാസത്തിനിടെ ഏഴ് അന്തേവാസികള്‍ ചാടിപ്പോയിട്ടുണ്ട്.