'വിവാഹം നോക്കുന്നുണ്ടായിരുന്നു, അടുത്തമാസം വീടിന്റെ പാലുകാച്ചലിന് വരാനിരിക്കുകയായിരുന്നു'; സ്റ്റെഫിന്റെ വിയോഗത്തില്‍ ഉള്ളുപിടഞ്ഞ് നാട്

2019 മുതൽ സ്റ്റെഫിൻ കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു

Update: 2024-06-13 05:37 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: കുവൈത്തിലുണ്ടായിരുന്ന തീപിടിത്തത്തിൽ കോട്ടയം സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. പാമ്പാടി സ്വദേശിയും 29 കാരനുമായ സ്റ്റെഫിൻ എബ്രഹാം സാബുവാണ് മരിച്ചവരിലൊരാൾ. 2019 മുതൽ സ്റ്റെഫിൻ കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. സ്റ്റെഫിൻ പണിത വീടിന്റെ പാലുകാച്ചൽ ചടങ്ങ് അടുത്തമാസം നടക്കാനിരിക്കെയാണ് ദുരന്തം വീട്ടുകാരെ തേടിയെത്തുന്നത്.

ഗൾഫിൽ ജോലി ചെയ്തും ലോണെടുത്തുമെല്ലാമായിരുന്നു സ്‌റ്റെഫിൻ വീട് പണിതത്. ഇതിന് പുറമെ സ്റ്റെഫിന്റെ വിവാഹാലോചനകളും പുരോഗമിക്കുകയായിരുന്നു. പെന്തക്കോസ് വിഭാഗത്തിന്റെ സഭാ പ്രവർത്തനങ്ങളിലും സ്റ്റെഫിനും കുടുംബവും സജീവമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സഭയിലെ കീബോർഡിസ്റ്റും ഗായകസംഘത്തിലുമെല്ലാം സ്‌റ്റെഫിൻ പ്രവർത്തിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇവരുടെ പിതാവ് കഴിഞ്ഞ മൂന്ന് വർഷമായി അർബുദബാധിതനായി ചികിത്സയിലാണ്. കുടുംബത്തിന്റെ പ്രതിസന്ധികൾക്കിടയിലും പണിത സ്വപ്‌നവീടിന്റെ പാലുകാച്ചലിൽ പങ്കുചേരാനാകാതെയാണ് സ്റ്റെഫിന്റെ വിയോഗം എന്നതാണ് കുടുംബത്തെ ഏറെ തളർത്തുന്നത്.

സാബു ഷെർലി ദമ്പതികളുടെ മൂത്തമകനാണ് സ്റ്റെഫിൻ.സ്‌റ്റെഫിന്റെ സഹോദരനും കുവൈത്തിൽ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയാണ്.മറ്റൊരു സഹോദരൻ ഇസ്രായേലിൽ പി.എച്ച്.ഡി ചെയ്യുകയാണ്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News