'ആദ്യ ശമ്പളം കഴിഞ്ഞ ദിവസമാണ് അയച്ചത്, തലേദിവസം രാത്രിയും വീട്ടിലേക്ക് വിളിച്ചിരുന്നു '; സാജന്റെ മരണവാർത്ത താങ്ങാനാവാതെ കുടുംബാംഗങ്ങൾ

അടൂരുള്ള സ്വകാര്യ എൻജിനീയറിങ് കോളജിൽ അസി.പ്രൊഫസറായി ജോലി ചെയ്തുവരുന്നതിനിടെയാണ് സാജന് ഗള്‍ഫില്‍ മറ്റൊരു ജോലി ശരിയാകുന്നത്

Update: 2024-06-13 05:07 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: കുവൈത്തിനെ നടുക്കിയ തീ പിടിത്തത്തിൽ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഇരുപതിലേറെ മലയാളികളെന്ന് സൂചന. കൊല്ലം ജില്ലയിലെ മൂന്ന് പേരാണ് തീപിടിത്തത്തില്‍ മരിച്ചതെന്നാണ് ഔദ്യോഗികമായ വിവരം. ഉറ്റവരുടെ വിയോഗം താങ്ങാനാവാതെ വിങ്ങുകയാണ് നാട് മുഴുവന്‍. 

പുനലൂര്‍ നരിക്കൽ സ്വദേശി സാജൻ ജോർജിന്‍റെ  മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെയിരിക്കുകയാണ് കുടുംബാംഗങ്ങള്‍.  അടൂരുള്ള സ്വകാര്യ എൻജിനീയറിങ് കോളജിൽ അസി.പ്രൊഫസറായി ജോലി ചെയ്തുവരുന്നതിനിടെയാണ് സാജന് ഗള്‍ഫില്‍ മറ്റൊരു ജോലി ശരിയാകുന്നത്. കഴിഞ്ഞ ഏപ്രില്‍ 27 ന് കുവൈത്തിലേക്ക് പോകുകയും ചെയ്തു.എം ടെക് ബിരുദധാരിയായ സാജൻ  അപകടം നടന്ന കമ്പനിയിൽ ജൂനിയർ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. ഈ മാസം അഞ്ചിന് ആദ്യ  ശമ്പളം വീട്ടിലേക്ക് അയക്കുകയും ചെയ്തു.  അപകടം നടക്കുന്നതിന്റെ തലേദിവസം രാത്രി എട്ടരവരെ സാജൻ വീട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

സാജന്റെ സഹോദരി ഒരുമാസം മുമ്പാണ് ആസ്‌ത്രേലിയിലേക്ക് പോയത്.എല്ലാ ദിവസവും വൈകുന്നേരം വീട്ടിലേക്ക് വിളിച്ച് വിശേഷം തിരക്കുന്നയാളാണ് സാജന്‍.അപകടം നടന്ന ദിവസം വീട്ടിലേക്ക് വിളിച്ചില്ല. പിന്നീടാണ് തീപിടിത്തം നടന്ന വിവരം അറിയുന്നത്. പേര് ടിവിയിൽ എഴുതിക്കാണിച്ചെങ്കിലും വൈകിട്ടാണ് മരിച്ചെന്ന് മനസിലായത്.  മകൻ ആശുപത്രിയിലാണെന്നാണ് മാതാപിതാക്കളെയെല്ലാം അറിയിച്ചത്. എന്നാല്‍ അവരുടെ പ്രാര്‍ഥനകളെല്ലാം വിഫലമാക്കിയാണ് ഇന്ന് പുലര്‍ച്ചെ സാജന്‍ മരിച്ചതായുള്ള വിവരം സ്ഥിരീകരിച്ചതെന്നും ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ മരണം സംബന്ധിച്ച് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം കുടുംബത്തിന് ലഭിച്ചിട്ടില്ല.

അതേസമയം, മരിച്ചവരിൽ തീപിടിത്തത്തില്‍ ഇരുപതിലേറെ മലയാളികളെന്ന് സൂചന.കെട്ടിടത്തിനകത്തുണ്ടായിരുന്ന 49 പേരെ കുറിച്ച് വിവരങ്ങളില്ല.തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കുമെന്ന് വിദേശ്യകാര്യ സഹമന്ത്രി അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News