സി.പി.എം സെമിനാറില്‍ പങ്കെടുത്തതിന്‍റെ പേരില്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് എം.വി ജയരാജന്‍
അതേസമയം സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ കെ.വി.തോമസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും
കണ്ണൂര്‍: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി തോമസ് പങ്കെടുക്കുമെന്നുറപ്പിച്ച് സി.പി.എം. തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ പറഞ്ഞു. തോമസിനെ വിലക്കിയ സുധാകരന്‍റേത് തിരുമണ്ടൻ തീരുമാനമാണെന്നും ജയരാജന്‍ മീഡിയവണിനോട് പറഞ്ഞു.
ക്ഷണം തോമസ് നിരസിച്ചിട്ടില്ല. കോൺഗ്രസിൽ ഗാന്ധിയൻ , നെഹ്‍റുവിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ ഇപ്പോഴുമുണ്ട്. ആർ.എസ്.എസിന്‍റെ എ ടീമായി പ്രവർത്തിക്കുന്നവരുടെ ഊരുവിലക്ക് വിലപ്പോകില്ല. സെമിനാറിൽ പങ്കെടുത്തതിന്‍റെ പേരിൽ കെ.വി തോമസ് വഴിയാധാരമാകില്ലെന്നും ജയരാജൻ പറഞ്ഞു.
അതേസമയം സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ കെ.വി.തോമസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. സെമിനാറിൽ പങ്കെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നതിലൂടെ തോമസിനെ ഇടതുപാളയത്തിലെത്തിക്കാനാണ് സി.പി.എം ശ്രമം. കോൺഗ്രസിന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചും തോമസുമായി നിരന്തരം സി.പി.എം നേതാക്കൾ ആശയവിനിമയം നടത്തുന്നതും ഇതിനാലാണെന്നാണ് സൂചന.
കോൺഗ്രസില്‍ അർഹമായ സ്ഥാനം ലഭിക്കുന്നിലെന്ന പരാതി കെ.വി തോമസ് നിരന്തരം ഉന്നയിക്കുന്നുണ്ട്. തോമസ് സി.പി.എമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നേരത്തെ ഉയർന്നിരുന്നു. ഇതിന് ആക്കം നൽകി കൊണ്ടാണ് പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് സി.പി.എം അദ്ദേഹത്തെ ക്ഷണിക്കുന്നത്. കെ.പി.സി.സി നേതൃത്വം വിലക്കിയിട്ടും സെമിനാറിൽ പങ്കെടുക്കാൻ തോമസ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വീണ്ടും സമീപിച്ചത് അനുകൂല ഘടകമായി സി.പി.എം കരുതുന്നു. തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് സി.പി.എം നേതാക്കൾ ആവർത്തിച്ച് പറയുന്നതും ഇതുകൊണ്ടാണ്.