സി.ഐ.ടി.യു വിട്ട ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; സി.പി.എം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ്

പീച്ചി സ്വദേശി സജിയാണ് ആത്മഹത്യ ചെയ്തത്.

Update: 2022-04-12 06:21 GMT
Advertising

തൃശൂര്‍: തൃശൂരിൽ സി.ഐ.ടി.യു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു. പീച്ചി സ്വദേശി സജിയാണ് ആത്മഹത്യ ചെയ്തത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി‌യും ലോക്കൽ സെക്രട്ടറിയുമാണ് മരണത്തിന് ഉത്തരവാദികൾ എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

സി.ഐ.ടി.യുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സജി സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് വലിയ തോതിലുള്ള വിമര്‍ശനമുണ്ടായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സജി ആത്മഹത്യ ചെയ്തത്. ആത്മഹത്യാപ്രേരണയുണ്ടെന്നും മരണത്തില്‍ അന്വേഷണം വേണമെന്നും സജിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് സഹോദരന്‍ പറയുന്നതിങ്ങനെ- "ലോക്കല്‍ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും കാരണമാണ് മരിക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. സജിയെ അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എല്‍.സി, ബ്രാഞ്ച് സെക്രട്ടറിമാര്‍ പാലം പണിയുടെ പേരിലും മറ്റും കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് പൈസ പിരിക്കുമായിരുന്നു. പാര്‍ട്ടി പിരിക്കുമ്പോള്‍ രസീത് കൊടുക്കും. ഇവര്‍ രസീതൊന്നുമില്ലാതെയാണ് പിരിവ്. ഈ പൈസയൊന്നും പാര്‍ട്ടിയിലേക്കല്ല പോകുന്നത്. ബ്രാഞ്ച് സെക്രട്ടറി സി.ഐ.ടി.യു സെക്രട്ടറി കൂടിയാണ്. യൂണിയന്‍കാര്‍ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നവരാണ്. അങ്ങനെ അവര്‍ ചോദ്യംചെയ്തു. ബ്രാഞ്ച് സെക്രട്ടറിയെ മാറ്റണമെന്ന് യൂണിയനിലെ ഒരുവിഭാഗം ആവശ്യപ്പെട്ടു. ആറു മാസമായി പ്രശ്നം തുടങ്ങിയിട്ട്. യൂണിയന്‍റെ നേതൃ സ്ഥാനത്തു നിന്ന് മാറ്റാം, ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനാകില്ലെന്ന് മറുപടി കിട്ടി. അഞ്ച് പേരോളം യൂണിഫോം ഇടാതെ ജോലി ചെയ്യാന്‍ തുടങ്ങി. യൂണിയന്‍ ഷെഡ് വെള്ള നിറമടിച്ചതിന്‍റെ പേരിലും പ്രശ്നമായി. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചുവപ്പടിച്ചു. സജി ഒരാളെയും പറ്റിക്കാത്ത ഒരാളാണ്. അവന്‍ സഹായിക്കാത്ത ഒരാളും ഈ നാട്ടില്‍ ഇല്ല. ഈ നാടുമായി അവന് അത്രയും ബന്ധമാണ്. അവന് അഴിമതി ഇഷ്ടമില്ല. ചോദ്യംചെയ്തതിന് വധഭീഷണിയുണ്ടായി. എല്‍.സി സെക്രട്ടറി ബാലകൃഷ്ണന്‍, ബ്രാഞ്ച് സെക്രട്ടറി ഗംഗാധരന്‍ എന്നിവരാണ് ഭീഷണിപ്പെടുത്തിയത്. അല്ലാതെ പാര്‍ട്ടിക്ക് പങ്കില്ല"

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News