ലക്ഷദ്വീപില്‍ നടക്കുന്നത് വികസനത്തിനുള്ള ശ്രമങ്ങള്‍: അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കലക്ടര്‍

ലക്ഷദ്വീപിനെ കുറിച്ച് പുറത്ത് വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു

Update: 2021-05-27 11:53 GMT
Advertising

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളെ ന്യയീകരിച്ച് കലക്ടര്‍ അസ്കര്‍ അലി. ലക്ഷദ്വീപിന്‍റെ വികസനത്തിനായുള്ള  ശ്രമമാണ് നടക്കുന്നത്. ഇത് ജനങ്ങൾക്ക് കൂടുതൽ തൊഴിലും മികച്ച വിദ്യാഭ്യാസവും ലഭിക്കാൻ കാരണമാകുമെന്നും കലക്ടര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ലക്ഷദ്വീപിനെ കുറിച്ച് പുറത്ത് വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. ലക്ഷദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. മദ്യവിൽപ്പന ലൈസൻസ് വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമാണ്. ദ്വീപില്‍ മയക്കുമരുന്ന് കടത്ത് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

ബീഫ് നിരോധിച്ചത് നയപരമായ തീരുമാനമാണ്. ജില്ലാ പഞ്ചായത്തുകളുടെ അധികാരം കുറച്ചിട്ടില്ല. ഭരണപരമായ മാറ്റങ്ങളാണ് നടപ്പാക്കിയത്. ടൂറിസ്റ്റുകള്‍ കുറയുമ്പോള്‍ അധികമുള്ള തൊഴിലാളികളെ ഒഴിവാക്കുന്നത് സ്വാഭാവിക നടപടിയാണെന്നും എയർ ആംബുലന്‍സ് സൗകര്യത്തിന് പുതിയ കമ്മിറ്റിയെ നിയോഗിച്ചത് ചികിത്സയെ ബാധിക്കില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

ദ്വീപില്‍ മാതൃക മത്സ്യ ഗ്രാമം പദ്ധതി നടപ്പിലാക്കും. കടൽഭിത്തി നിർമാണത്തിന് ഒരു മാസത്തിനകം അനുമതി നൽകും. അഗത്തിയിൽ മത്സ്യ ബന്ധന പ്ലാൻ്റ് സ്ഥാപിക്കും. കവരത്തിയിൽ മോഡൽ ഹൈസ്ക്കൂൾ ഓക്സിജൻ പ്ലാൻ്റ് എന്നിവ സ്ഥാപിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. 

ദ്വീപിൽ കോവിഡ് ബാധിച്ച് 26 പേർ മരിച്ചു. ഇതില്‍ 23 പേർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ദ്വീപിൽ എല്ലാവർക്കും കൊടുക്കാനുള്ള ആദ്യ ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. രാജ്യത്ത് മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപെന്നും അസ്കര്‍ അലി പറഞ്ഞു. 

അതേസമയം, കലക്ടര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി  പ്രതിഷേധിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിനായി എറണാകുളം പ്രസ് ക്ലബ്ബിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News