പണ്ടാരഭൂമി സർവേ: കൽപ്പേനിയിൽ പ്രതിഷേധകർക്ക് നേരെ പൊലീസ് അതിക്രമം, സ്ത്രീകൾക്കടക്കം പരിക്ക്
ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നുള്ള കുടിയൊഴിപ്പിക്കൽ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു
കൊച്ചി: ലക്ഷദ്വീപിൽ പണ്ടാരഭൂമി സർവേക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് അതിക്രമം. കൽപ്പേനി ദ്വീപിലാണ് സംഘർഷമുണ്ടായത്. പൊലീസ് അതിക്രമത്തിൽ സ്ത്രീകൾക്ക് ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു.
കലക്ടറുടെ ഉത്തരവനുസരിച്ചാണ് ഭൂമി അളക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ, കളക്ടറുടെ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്നും കേസ് നിലനിൽക്കുന്നതിനാൽ പിന്മാറണമെന്നും പ്രദേശവാസികൾ അറിയിച്ചു. പിന്മാറാൻ കൂട്ടാക്കാതെ സ്ത്രീകൾക്ക് നേരെയടക്കം അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് കൽപ്പേനി ദ്വീപ് നിവാസികൾ പറയുന്നത്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിനെതിരെ ഗോ ബാക്ക് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നുള്ള കുടിയൊഴിപ്പിക്കൽ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഈ മാസം 19 വരെയാണ് ഹൈക്കോടതി കുടിയൊഴിപ്പിക്കൽ തടഞ്ഞത്. ജെ.ഡി.യു അധ്യക്ഷൻ ഡോക്ടർ മുഹമ്മദ് സാദിഖ് നൽകിയ ഹരജിയിലായിരുന്നു നടപടി.
എന്നാൽ, സർവേ നടപടികൾ സ്റ്റേ ചെയ്യാത്തതിനാലാണ് ഉദ്യോഗസ്ഥർ ഭൂമി അളക്കാനായി എത്തുന്നത്. നേരത്തെ അഗതിയെലെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. സർവേ ഉൾപ്പടെ എല്ലാ നടപടികളും ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാകുന്നത്.